ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘കാപ്പ’ ബോക്സ്ഓഫിസ് വിജയത്തിനു പിന്നാലെ നെറ്റ്ഫ്ളിക്സില്‍ പ്രദര്‍ശനത്തിന് എത്തി. പൃഥ്വിരാജ് സുകുമാരൻ, ആസിഫ് അലി, അപര്‍ണ ബാലമുരളി, അന്ന ബെൻ എന്നിവർ ഒന്നിച്ച ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത് എങ്കിലും അവധി ദിനങ്ങളുടെ ആനുകൂല്യവും മറ്റ് പ്രധാന റിലീസുകള്‍ ഉണ്ടാകാതിരുന്നതും ചിത്രത്തിന് ഗുണകരമായി. ആഗോള ബോക്സ് ഓഫിസില്‍ ചിത്രം 20 കോടിക്ക് മുകളില്‍ കളക്റ്റ് ചെയ്തുവെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
കടുവയുടെ വിജയത്തിന് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ക ചിത്രമാണ് ഇത്. പ്രശസ്ത നോവലിസ്റ്റ് ഇന്ദുഗോപന്‍റേതാണ് രചന. ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ ആണ് ചിത്രത്തിന്‍റെ നിര്‍മാണം. തിരുവനന്തപുരം പശ്ചാത്തലമാക്കിയ ഒരു ഗാംഗ്സ്റ്റര്‍ ഡ്രാമയായി ഒരുങ്ങിയ ചിത്രത്തില്‍ പൃഥ്വിരാജിന്‍റെയും ആസിഫലിയുടെയും പ്രകടനവും കൈയടി നേടി.