കഴിഞ്ഞ വര്‍ഷം കേരളം നേരിട്ട പ്രളയത്തിലെ യഥാര്‍ത്ഥ സംഭവങ്ങളെ കോര്‍ത്തിണക്കി ജൂഡ് അന്തോണി ജോസഫ് ഒരുക്കുന്ന 2403 ഫീറ്റിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ മലയാളത്തിലെയും തമിഴിലെയും വലിയ താരങ്ങള്‍ ഉണ്ടാകുമെന്ന് ജൂഡ് അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ഗ്രാഫിക്‌സിന് വലിയ പ്രാധാന്യമുള്ള ചിത്രമാണെങ്കിലും പരമാവധി യഥാര്‍ത്ഥമായി തന്നെ പ്രളയ രംഗങ്ങള്‍ ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്.
മികച്ച സാങ്കേതിക പ്രവര്‍ത്തകരെ ചിത്രത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്. ജോമോന്‍ ടി ജോണ്‍ ക്യാമറയും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഷാന്‍ റഹ്മാന്റേതാണ് സംഗീതം. ഹോളിവുഡില്‍ നിന്നുള്ള വിഎഫ്എക്‌സ് സംഘത്തെ ചിത്രത്തിനായി സമീപിക്കാനാണ് ശ്രമം. ആന്റോ ജോസഫ് ഫിലിം കമ്പനി നിര്‍മിക്കുന്ന ചിത്രത്തിനായി ജൂഡും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. താരങ്ങളെ കുറിച്ചും ഷൂട്ടിംഗ് വിവരങ്ങളും ഉടന്‍ പ്രഖ്യാപിക്കും.