ലിജോ ജോസ് പല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ജല്ലിക്കെട്ട് ഈദ് റിലീസായി ജൂണില്‍ തിയറ്ററുകളിലെത്തിക്കുന്നതിനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യം വെക്കുന്നതെന്ന് സൂചന. ജല്ലിക്കെട്ട് മനുഷ്യന്റെ സ്വാതന്ത്ര്യവും മാവോയിസ്റ്റ് സാഹചര്യവും രണ്ട് കാളകളുടെ വീക്ഷണ കോണുകളില്‍ നിന്ന് കാണുന്നതാണ് ലിജോ ജോസ് പല്ലിശേരി നേരത്തേ വ്യക്തമാക്കിയിരുന്നു. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആധാരമാക്കി തയാറാക്കിയ തിരക്കഥ ഏറെ നര്‍മ സ്വഭാവത്തിലുള്ളതാണ്. മനുഷ്യനിലെ മൃഗസ്വഭാവത്തിന്റെ ചിത്രീകരണം കൂടിയാണ് ജല്ലിക്കെട്ട്.
ജല്ലിക്കെട്ടിന്റെ ചിത്രീകരണത്തിനിടെ ആന്റണി വര്‍ഗീസിന് പരുക്കേറ്റതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വിനായകനാണ് ജല്ലിക്കെട്ടില്‍ മറ്റൊരു മുഖ്യ വേഷത്തില്‍ എത്തുന്നത്. ലിജോ ജോസ് സംവിധാനം ചെയ്ത കഴിഞ്ഞ ചിത്രം ഈ മ യൗവിലും ഒരു പ്രധാന വേഷം ചെയ്തത് വിനായകനാണ്. പുതുമുഖമാണ് നായിക. ബിഗ് ബോസ് വിജയി സാബുമോന്‍ അബ്ദു സമദ് ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. എസ് ഹരീഷും ആര്‍ ഹരികുമാറും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം ഒ തോമസ് പണിക്കരാണ് നിര്‍മിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. പ്രശാന്ത് പിള്ളയുടേതാണ് സംഗീതം.