ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan) കരിയറിലെ ആദ്യ പൊലീസ് വേഷം ചെയ്യുന്ന ചിത്രം ‘സല്യൂട്ട്’ (Salute Malayalam Movie) സോണി ലൈവ് (Sony liv) പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങി. നാളെ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇന്ന് ഉച്ചയോടെ തന്നെ ചിത്രം പ്രദര്‍ശനത്തിന് ലൈവ് ആകുകയായിരുന്നു. നേരത്തേ ജനുവരി 14ന് തിയറ്ററുകളില്‍ പുറത്തിറക്കാനിരുന്ന ചിത്രം അവസാന നിമിഷം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ചിത്രം തിയറ്ററുകളില്‍ പുറത്തിറക്കാത്തതിനെതിരേ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്തെത്തിയിട്ടുണ്ട്.
റോഷന്‍ ആന്‍ഡ്രൂസിന്‍റെ (Roshan Andrews) സംവിധാനത്തില്‍ എത്തുന്ന ഈ ചിത്രത്തില്‍ ‘അരവിന്ദ് കരുണാകരന്‍’ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ദുല്‍ഖറിന്‍റെ തന്നെ വേ ഫാര്‍ ഫിലിംസ് (Wayfar films) തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ബോളിവുഡ് നടി ഡയാന പെന്‍റി നായികയാകുന്ന ചിത്രത്തിന് കൊല്ലം, കാസർഗോഡ് എന്നിവിടങ്ങള്‍ പ്രധാന ലൊക്കേഷനുകള്‍ ആയി. ബോബി-സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. അസ്‌ലം കെ. പുരയിൽ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിര്‍വഹിച്ചു. സന്തോഷ് നാരായണന്‍റേതാണ് സംഗീതം.