ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’-ന്‍റെ നാലു ഭാഷകളിലെ സംപ്രേഷണാവകാശം റെക്കോോഡ് തുകയ്ക്ക് സീ നെറ്റ്‍വര്‍ക്ക്സ് സ്വന്തമാക്കി. ഇതോടെ ചിത്രത്തിന്‍റെ ടോട്ടല്‍ ബിസിനസ് 112 കോടി രൂപയിലെത്തിയതായി ചിത്രത്തിന്‍റെ നിര്‍മാതാവ് കൂടിയായ ദുല്‍ഖര്‍ സല്‍മാന്‍ വ്യക്തമാക്കി. മോളിവുഡിലെ ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സാറ്റലൈറ്റ് തുകയാണ് കുറുപ്പിന് ലഭിച്ചിട്ടുള്ളത്. ആഗോള ബോക്സ് ഓഫിസില്‍ 80 കോടി രൂപയ്ക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം ഒടിടി റൈറ്റ്സിലും മികച്ച തുക നേടിയിരുന്നു.
ദുല്‍ഖറിന്‍റെ ആദ്യ ചിത്രം സെക്കന്‍ഡ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്തത്. സുഷിന്‍ ശ്യാം സംഗീതം നല്‍കിയ ചിത്രത്തില്‍ ഇന്ദ്രജിത്ത്, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തി. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത്. സ്‌ക്രീന്‍ പ്ലേയും സംഭാഷണങ്ങളും നിര്‍വഹിച്ചത് ഡാനിയേല്‍ സായൂജും കെ എസ് അരവിന്ദും ചേര്‍ന്ന്. കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഭാവന ചേർത്താണ് കുറുപ്പിലെ ദുല്‍ഖറിന്‍റെ കഥാപാത്രത്തെ സൃഷ്ടിച്ചത്.