സിദ്ധാര്‍ത്ഥ് ഭരതന്‍ (Sidharth Bharathan) സംവിധാനം ചെയ്ത് സൗബിന്‍ ഷാഹിറും (Soubin Shahir) ശാന്തി ബാലചന്ദ്രനും (Santhi Balachandran) മുഖ്യ വേഷങ്ങളില്‍ എത്തുന്ന ‘ജിന്ന്’ (Djinn) എന്ന ചിത്രത്തിന്റെ റിലീസ് മുടങ്ങി. ഇന്നലെ റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്‍റെ ഷോകള്‍ അവസാന നമിഷങ്ങളില്‍ റദ്ദാക്കപ്പെടുകയായിരുന്നു. ഡിസ്ട്രിബ്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് തിയറ്ററുകള്‍ക്ക് ലഭിക്കാതിരുന്നതിനാലാണ് റിലീസ് നടക്കാതിരുന്നത്. ” ഒഴിവാക്കാൻ കഴിയാത്ത ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം ജിന്ന് എന്ന ചിത്രത്തിന്റെ റിലീസ് ഇന്നുണ്ടായില്ല. പ്രശ്നം പരിഹരിച്ച് സിനിമ ഇറക്കാൻ ഞങ്ങൾ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. നിങ്ങൾക്ക് നേരിട്ട ബുദ്ധിമുട്ടുകൾക്ക് ഞങ്ങൾ ക്ഷമ ചോദിക്കുന്നു 🙏🏽. പുതിയ റിലീസ് തിയതി വൈകാതെ അറിയിക്കുന്നതായിരിക്കും” സിദ്ധാര്‍ത്ഥ് ഭരതന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കുടുംബ പശ്ചാത്തലത്തില്‍ നടക്കുന്ന സസ്‌പെന്‍സ് ഡ്രാമയാണ് ഈ ചിത്രം. നേരത്തേ മേയില്‍ റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പല കാരണങ്ങളാല്‍ മാറ്റിവെക്കുകയായിരുന്നു. രാജേഷ് ഗോപിനാഥന്‍റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം ഡി14 എന്റര്‍ടെയ്ന്‍മെന്റ്‌സാണ് നിര്‍മിക്കുന്നത്. ലിയോണ ഷെണോയിയും ഷറഫുദ്ദീനും പ്രധാന വേഷങ്ങളില്‍ ജിന്നിലുണ്ട്. ഗിരീഷ് ഗംഗാധരനാണ് ജിന്നിനായി ക്യാമറ ചലിപ്പിച്ചത്. ഭവന്‍ ശ്രീകുമാറിന്‍റേതാണ് എഡിറ്റിംഗ്. പ്രശാന്ത് പിള്ള ചിത്രത്തിന് സംഗീതം നല്‍കി.