എറെക്കാലത്തിനു ശേഷം തിയറ്ററുകളിലെത്തിയ ദിലീപ് ചിത്രമാണ് ജോര്‍ജേട്ടന്‍സ് പൂരം. കെ ബിജു സംവിധാനം ചെയ്ത ഈ ചിത്രം ആദ്യ ദിനത്തില്‍ 1.81 കോടി രൂപയാണ് കളക്റ്റ് ചെയ്തത്. താരതമ്യേന തരക്കേടില്ലാത്ത ആദ്യ ദിന കളക്ഷന്‍ നേടിയെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ചിത്രത്തിനാകുന്നില്ല. ദിലീപ് ചിത്രങ്ങളുടെ എക്കാലത്തെയും വലിയ വിജയ ഘടകമായിരുന്ന കുടുംബങ്ങളും കുട്ടികളും ചിത്രത്തില്‍ താല്‍പ്പര്യം കാണിക്കാത്തതാണ് തിരിച്ചടിക്ക് കാരണം. മമ്മൂട്ടി ചിത്രം ഗ്രേറ്റ്ഫാദര്‍ വലിയ തോതില്‍ കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതും ദിലീപ് ചിത്രത്തിന് പ്രതിസന്ധിയാകുകയാണ്.
വ്യക്തിജീവിതത്തില്‍ നേരിട്ട ആരോപണങ്ങളും കാവ്യാ മാധവനുമായുള്ള വിവാഹവും കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ദിലീപിനോടുള്ള താല്‍പ്പര്യം കുറയ്ക്കുമെന്ന തരത്തില്‍ നേരത്തേ പ്രചാരണമുണ്ടായിരുന്നു. ജോര്‍ജേട്ടന്‍സ് പൂരം പല തവണ റിലീസ് മാറ്റിവെച്ചതും ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തിയേകി. കരിയറില്‍ വലിയ തിരിച്ചുവരവ് നടത്താന്‍ ഉടന്‍ തന്നെ ഒരു വന്‍ഹിറ്റ് അനിവാര്യമായിരിക്കുകയാണ് ദിലീപിന്.