ധനുഷിന്‍റെ ഈ വര്‍ഷത്തെ ആദ്യത്തെ റിലീസായ ‘വാത്തി’ തിയറ്ററുകളിലേക്ക്. ധനുഷ് അധ്യാപക വേഷത്തിലെത്തുന്ന ചിത്രത്തിൽ മലയാളി നടിയായ സംയുക്തയാണ് നായികയായെത്തുന്നത്. സമുദ്രക്കനിയാണ് പ്രതിനായക വേഷത്തിൽ അഭിനയിക്കുന്നത്. ഫെബ്രുവരി 17നാണ് തമിഴിലും തെലുങ്കിലുമായി സിനിമയുടെ വേൾഡ് വൈഡ് റിലീസ്. കഴിഞ്ഞ വര്‍ഷം ധനുഷും നിത്യയും പ്രധാന വേഷങ്ങളിലെത്തിയ തിരുച്ചിറ്റമ്പലം നൂറ് കോടിക്ക് മേൽ ബോക്സോഫീസ് കളക്ഷൻ നേടി വൻ വിജയം നേടിയിരുന്നു. അതിന് ശേഷമിറങ്ങിയ സിനിമയായിരുന്നു ‘നാനേ വരുവേൻ’. ധനുഷ് ഡബിൾ റോളിലെത്തിയ സിനിമ പക്ഷേ പ്രതീക്ഷിച്ച വിജയം നേടിയില്ല. ഈ ക്ഷീണം മാറ്റാൻ കൂടിയാണ് ഈ വര്‍ഷം ‘വാത്തി’യുമായി ധനുഷിന്‍റെ വരവ്.
തമിഴിൽ ‘വാത്തി’ എന്ന പേരിലും തെലുങ്കിൽ ‘സർ’ എന്ന പേരിലുമാണ് ചിത്രമെത്തുന്നത്. ബാലമുരുകൻ എന്നാണ് വാത്തിയിൽ ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേര്. തെലുങ്കിൽ ഒട്ടേറെ ഹിറ്റ് സിനിമകള്‍ ഒരുക്കിയിട്ടുള്ള വെങ്കി അറ്റ്‍ലൂരിയൊരുക്കിയ ചിത്രം വിദ്യാഭ്യാസ കച്ചവടം പ്രമേയമാക്കിയാണ് എത്തുന്നത്.
സ്കന്ദ സിനിമാസാണ് ഐൻസ്റ്റീൻ മീഡിയയുമായി ചേർന്ന് ‘വാത്തി’ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. കേരളത്തിലെ 100ഓളം തീയേറ്ററുകളിൽ ‘വാത്തി’ പ്രദർശനത്തിനെത്തുന്നുണ്ട്. സിനിമയുടെ തമിഴ്‌നാട്ടിലെ തിയറ്റർ അവകാശം സെവൻ സ്‌ക്രീൻ സ്റ്റുഡിയോ സ്വന്തമാക്കിയിരിക്കുന്നത്. സിത്താര എന്‍റർടെയ്ൻമെന്‍റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ചിരിക്കുന്നതാണ് ഈ തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രം. സായ് കുമാർ, തനിക്കെല്ല ഭരണി, സമുദ്രക്കനി, സംയുക്ത, തോട്ടപ്പള്ളി മധു, ആടുകളം നരേൻ, ഇളവരശു തുടങ്ങി നിരവധി താരങ്ങളും വാത്തിയിൽ അഭിനയിക്കുന്നു.
ധനുഷ് എഴുതിയ വാ വാത്തി എന്ന ഗാനം ചിത്രത്തിലേതായി വൻ ഹിറ്റായി ഇതിനകം മാറിയിട്ടുമുണ്ട്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്‍സ് ആദിത്യ മ്യൂസികിനാണ്. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിക്കുന്നത്. ജെ യുവരാജാണ് ക്യാമറ, നവീൻ നൂളി ആണ് ചിത്രസംയോജനം, വെങ്കട് ആണ് ആക്ഷൻ കോറിയോഗ്രാഫി നിര്‍വ്വഹിച്ചിരിക്കുന്നത്.