അമല്‍ നീരദ് (Amal Neerad) സംവിധാനം ചെയ്ത മമ്മൂട്ടി (Mammootty) ചിത്രം ഭീഷ്‍മ പര്‍വം (Bheeshma Parvam) മലയാളത്തില്‍ നിന്നുള്ള ഓള്‍ടെെം ബ്ലോക്ക്ബസ്റ്ററുകളുടെ (Alltime Blockbuster) നിരയിലേക്ക് കടന്നിരിക്കുയാണ്. മറ്റുഭാഷകളിലും മലയാളത്തിലുമായി 4 പുതിയ റിലീസുകളെത്തിയിട്ടും രണ്ടാം വാരാന്ത്യത്തില്‍ പ്രതീക്ഷയ്ക്കു മുകളിലുള്ള പ്രകടനം ചിത്രം കാഴ്ചവെച്ചു. റെക്കോഡ് കുറിച്ച ആദ്യ വാരാന്ത്യത്തിനു ശേഷം ശരാശരി കളക്ഷന്‍ നിലനിര്‍ത്തിയ ചിത്രം രണ്ടാം വാരാന്ത്യത്തില്‍ പുതിയ റിലീസുകളെ ഏറെ പിന്നിലാക്കി. ആദ്യ 8 ദിവസങ്ങളില്‍ 30-31 കോടി കളക്ഷന്‍ കേരളത്തില്‍ നിന്നു മാത്രമായി (KBO) സ്വന്തമാക്കിയ ചിത്രം രണ്ടാം വാരാന്ത്യം പിന്നിടുമ്പോള്‍ 11 ദിവസങ്ങളില്‍ നിന്നായി 38-40 കോടി കളക്ഷന്‍ ഉറപ്പാക്കിയിട്ടുണ്ട്.
മറ്റ് ഇന്ത്യന്‍ സെന്‍ററുകളില്‍ (Rest of India) നിന്നുള്ള കളക്ഷന്‍ ഏകദേശം 5 കോടി രൂപയാണ്. ഇതില്‍ കര്‍ണാടകത്തില്‍ നിന്നും ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാള ചിത്രമായി ഭീഷ്‍മപര്‍വം മാറി. 3.5 കോടി രൂപയ്ക്ക് മുകളില്‍ ചിത്രം അവിടെ നിന്നും നേടിയിട്ടുണ്ട്. വിദേശ സെന്‍ററുകളില്‍ നിന്നുള്ള കളക്ഷന്‍ 30 കോടി രൂപയ്ക്ക് മുകളില്‍ എത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ആഗോള കളക്ഷന്‍ 73-75 കോടിയാണ്. ആഗോള കളക്ഷന്‍റെ (worldwide collection) കാര്യത്തില്‍ കുറുപ്പ്, പുലിമുരുകന്‍, ലൂസിഫര്‍ എന്നീ ചിത്രങ്ങള്‍ മാത്രമാണ് ഭീഷ്‍മയ്ക്ക് മുന്നിലുള്ളത്.
കോവിഡിനു ശേഷം കേരള ബോക്സ് ഓഫിസില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ചിത്രമാണ് ഭീഷ്മപര്‍വം. ആഗോള ബോക്സ് ഓഫിസില്‍ കുറുപ്പിനെ വരും ദിവസങ്ങളില്‍ ചിത്രം മറികടക്കും. മാര്‍ച്ചിലെ ഓഫ് സീസണില്‍ സോളോ റിലീസ് അല്ലാതെയെത്തിയ 15 കോടിക്കുള്ളില്‍ മാത്രം ബജറ്റുള്ള വന്‍കിട പ്രൊമോഷനുകള്‍ ഇല്ലാത്ത ഒരു ചിത്രം സ്വന്തമാക്കുന്ന ചരിത്ര വിജയമാണ് ഭീഷ്മപർവത്തിന്‍റേത്.