കേരളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ഹോളിവുഡ് ചിത്രം എന്ന ഖ്യാതി ആദ്യ വാരാന്ത്യത്തില്‍ തന്നെ സ്വന്തമാക്കിയ ‘അവതാര്‍- ദ വേ ഓഫ് വാട്ടര്‍’ കേരള ബോക്സ് ഓഫിസില്‍ 40 കോടി കളക്ഷന് അടുത്തെത്തി. ത്രീഡി ചാര്‍ജും മലയാളം പതിപ്പ് പുറത്തിറക്കിയതും കളക്ഷനെ സ്വാധീനിച്ചിട്ടുണ്ട്. ക്രിസ്മസ് അവധിക്കാലത്ത് മലയാള ചിത്രങ്ങളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം ഇപ്പോഴും 50 ഓളം സ്ക്രീനുകളില്‍ പ്രദര്‍ശനം തുടരുന്നു. കേരളത്തില്‍ ഒരു ഹോളിവുഡ് ചിത്രം നേടുന്ന ഏറ്റവും ഉയർന്ന കളക്ഷനാണിത്.
ലോകസിനിമാ ചരിത്രത്തിലെ വിഖ്യാത ചരിത്രമായ അവതാറിന്‍റെ രണ്ടാം ഭാഗമായി വന്ന ‘അവതാര്‍- ദ വേ ഓഫ് വാട്ടര്‍’മികച്ച ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. ജെയിംസ് കാമറൂണിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ഈ 3ഡി ചിത്രം ഇന്ത്യയില്‍ ഇംഗ്ലീഷിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തി.
20ത് സെഞ്ച്വറി പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം ആഗോള സിനിമാ പ്രേക്ഷകര്‍ ഏറെക്കാലമായി ഏറ്റവുമധികം കാത്തിരുന്ന ചിത്രമാണ്. 2009ല്‍ പുറത്തിറങ്ങിയ അവതാര്‍ ആഗോള തലത്തില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രം എന്ന ഖ്യാതി 13 വര്‍ഷങ്ങള്‍ക്കിപ്പുറവും നിലനിര്‍ത്തുന്നു. സാം വർത്തിംഗ്ടണും സോ സാൽഡാനയും തന്നെയാണ് രണ്ടാം ഭാഗത്തിലും മുഖ്യ വേഷത്തിലെത്തുന്നത്. സിഗോർണി വീവർ, സ്റ്റീഫൻ ലാങ്, വിൻ ഡീസൽ, കേറ്റ് വിൻസ്‌ലെറ്റ് എന്നിവരും അഭിനയിക്കുന്നു. അഞ്ചു ചിത്രങ്ങളാണ് ജെയിംസ് കാമറൂണ്‍ അവതാര്‍ സീരീസില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതില്‍ മൂന്നാമത്തെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ണമായും നാലാമത്തെ ചിത്രത്തിന്‍റെ ചില രംഗങ്ങളും ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്.