പ്രേമം എന്ന ഹിറ്റ് ചിത്രം കഴിഞ്ഞ് 7 വര്‍ഷത്തെ വലിയ ഇടവേളയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്റെ (Alphonse Puthran) സംവിധാനത്തില്‍ പുറത്തുവരുന്ന പുതിയ ചിത്രം ‘ഗോള്‍ഡ്’ (Gold Malayalam movie) റിലീസ് നീളുമെന്ന് സൂചന. സെപ്റ്റംബര്‍ 8ന് ഓണം റിലീസായി എത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. പൃഥ്രിരാജും (Prithviraj) നയന്‍താരയും (Nayanthara) മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കാത്ത സാഹചര്യത്തിലാണ് റിലീസ് നീട്ടിയത്. ഇനിയും വര്‍ക്കുകള്‍ ഉണ്ടെന്നും അത് പൂര്‍ത്തിയാക്കി മാത്രമേ റിലീസ് തീയതി പ്രഖ്യാപിക്കാനാകൂവെന്നുമാണ് അല്‍ഫോണ്‍സ് പുത്രന് സോഷ്യല്‍ മീഡിയയില്‍ ഒരു ആരാധകന് മറുപടി നല്‍കിയത്.
‘കുറച്ചു കൂടി വർക്ക് തീരാനുണ്ട് ബ്രോ. കുറച്ച് കംപ്യൂട്ടർ ഗ്രാഫിക്സ്, കുറച്ച് മ്യൂസിക്, കുറച്ച് കളറിങ്, കുറച്ച് അറ്റകുറ്റപ്പണികള്‍ ബാലൻസ് ഉണ്ട്. അത് തീരുമ്പോൾ തന്നെ ഞാൻ ഡേറ്റ് പറയാം. അതുവരെ എന്നോട് ക്ഷമിക്കണം ബ്രോ. ഓണം ആയിരുന്നു തിയറ്ററിൽനിന്ന് സജസ്റ്റ് ചെയ്ത ഡേറ്റ്. പക്ഷേ അന്ന് വർക്ക് തീർന്നില്ല. വേവാത്ത ഭക്ഷണം ആർക്കും ഇഷ്ടമാവില്ല ബ്രോ. അതുകൊണ്ട് നല്ലോണം വെന്തിട്ട് തരാം എന്ന് കുക്ക് ആയ ഞാൻ തീരുമാനിച്ചത്. റിലീസ് ഡേറ്റ് പ്രഖ്യാപിക്കാത്തതിൽ ക്ഷമിക്കണം.’ ഇങ്ങനെയായിരുന്നു അല്‍ഫോണ്‍സിന്റെ മറുപടി.
അജ്മല്‍ അമീറും (Ajmal Ameer) ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. നിരവധി പ്രൊജക്റ്റുകള്‍ പരിഗണിക്കുകയും മാറ്റിവെക്കുകയും ചെയ്ത ശേഷമാണ് അല്‍ഫോണ്‍സ് പുത്രന് ഈ പൃഥ്വിരാജ് ചിത്രത്തിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ, എഡിറ്റിംഗ്, വിഎഫ്എക്സ്, കളര്‍ മിക്സിംഗ് എന്നിവയും നിര്‍വഹിക്കുന്നത് അല്‍ഫോണ്‍സ് പുത്രനാണ്. മലയാളത്തിനു പുറമേ തമിഴിലും ഈ ചിത്രമെത്തുെന്നുണ്ട്.