പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ വ്യക്തിത്വങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന നിരവധി ചിത്രങ്ങളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. ഇതില്‍ ചിലത് കൃത്യമായ രാഷ്ട്രീയ താല്‍പ്പര്യത്തോടെ പടച്ചിറക്കുന്ന നിലവാരം കുറഞ്ഞ സിനിമകളാണെന്ന വിമര്‍ശനവും നേരിട്ടിട്ടുണ്ട്, താക്കറേ എന്ന ചിത്രം ഉദാഹരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രവും വരുന്നു എന്ന വിവരമാണ് ഇപ്പോള്‍ വരുന്നത്.
മലയാളിയായ രൂപേഷ് പോള്‍ ഒരുക്കുന്ന ‘ മൈ നെയിം ഈസ് രാ ഗാ’ അവസാന ഘട്ടത്തിലാണ്. ഇന്ദിരാ ഗാന്ധിയുടം മരണം മുതല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുന്നതു വരെയുള്ള രാഹുലിന്റെ ജീവിതമാണ് പ്രമേയം. സിനിമയുമായി ബന്ധപ്പെട്ട രാഹുല്‍ ഉള്‍പ്പടെയുള്ള ഒരു രാഷ്ട്രീയക്കാരനുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും പൊതുവായി ലഭ്യമായ വിവരങ്ങളില്‍ നിന്നാണ് തിരക്കഥ ഒരുക്കിയതെന്നും രൂപേഷ് പോള്‍ പറയുന്നു.