മലയാളത്തിന്‍റെ ആദ്യ 150 കോടി ചിത്രമായി 2018

മലയാളത്തിന്‍റെ ആദ്യ 150 കോടി ചിത്രമായി 2018

മലയാള സിനിമയില്‍ പുതിയൊരു നാഴികക്കല്ലിന് ‘2018’ തുടക്കമിട്ടിരിക്കുന്നു. ആഗോള ബോക്സ്ഓഫിസ് കളക്ഷനില്‍ നിന്ന് മാത്രമായി 150 കോടി പിന്നിടുന്ന ആദ്യ ചിത്രമായി 2018 മാറി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2016ല്‍ പുറത്തിറങ്ങിയ പുലിമുരുകന്‍ 137.35 കോടി രൂപയാണ് നേടിയത്. 128 കോടി രൂപയുടെ കളക്ഷനുമായി ലൂസിഫര്‍ മൂന്നാം സ്ഥാനത്തും 88 കോടി കളക്ഷനുമായി ഭീഷ്മപര്‍വം നാലാം സ്ഥാനത്തുമാണ്. കേരളം ഉള്‍പ്പടെ മലയാള സിനിമയുടെ പ്രധാന വിപണികളിലെല്ലാം ഇപ്പോള്‍ 2018 കളക്ഷനില്‍ മുന്നിലെത്തിയിട്ടുണ്ട്.

ഇപ്പോഴും പ്രവൃത്തി ദിനങ്ങളില്‍ ഉള്‍പ്പടെ വലിയ തിരക്ക് അനുഭവപ്പെടുന്ന ചിത്രം മലയാളത്തില്‍ നിന്ന് ആദ്യ 1 200 കോടി ചിത്രവുമാകാനുള്ള സാധ്യതയും മുന്നിലുണ്ട്. കേരളത്തെ പിടിച്ചുലയ്ക്കുകയും കേരളത്തിന്‍റെ അതിജീവന ശേഷി ലോകത്തിന് വെളിപ്പെടുത്തുകയും ചെയ്ത 2018 പ്രളയ കാലത്തിന്‍റെ അനുഭവങ്ങളെ ആധാരമാക്കി ജൂഡ് അന്തോണി ജോസഫ് സംവിധാനം ചെയ്ത ചിത്രം 11ദിവസം കൊണ്ട് 100 കോടി കളക്ഷനില്‍ എത്തിയിരുന്നു

വേണു കുന്നപ്പിള്ളി, സി.കെ പദ്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ടൊവീനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, കലൈയരശൻ, നരേൻ, ലാൽ, ഇന്ദ്രൻസ്, അജു വർഗീസ്, തൻവി റാം, ശിവദ, ഗൗതമി നായർ എന്നിവര്‍ ചിത്രത്തില്‍ വിവിധ വേഷങ്ങളിലെത്തുന്നു. ഒട്ടേറേ പ്രതിസന്ധികള്‍ക്കും പരിശ്രമങ്ങള്‍ക്കും ശേഷമാണ് ചിത്രം പൂര്‍ത്തീകരിക്കാനായത്.

Film scan Latest