പെരുമാറ്റവും അഭിനയവും മോശം; പ്രതിഫലം നല്‍കാഞ്ഞത് അപ്പോള്‍ തന്നെ പറഞ്ഞുവിട്ടതിനാലെന്ന് ലാല്‍

യുവനടിയുടെ പരാതിയില്‍ സംവിധാനയന്‍ ജീന്‍ പോള്‍ ലാലിനെതിരേ കേസെടുത്തതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പിതാവും നടനുമായ ലാല്‍. പ്രധാനമായും ഒരു സീനില്‍ മാത്രം അഭിനയിക്കാന്‍ എത്തിയതാണ് പരാതിക്കാരിയായ നടിയെന്നും അഭിനയം മോശമായതിനാല്‍ അവരെ പറഞ്ഞയക്കുകയായിരുന്നുവെന്നുമാണ് ലാല്‍ പറയുന്നത്. അവരുടെ പെരുമാറ്റവും മോശമായിരുന്നു. നടി ഇപ്പോള്‍ സിനിമാ മേഖലയില്‍ രൂപംകൊണ്ട സാഹചര്യം മുതലെടുക്കുകയാണെന്നും ലാല്‍ പറഞ്ഞു. കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും മകന്‍ ഒരിക്കലും ആരോടും മോശമായി പെരുമാറിയിട്ടില്ലെന്നും ലാല്‍ വ്യക്തമാക്കി.
നടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ പനങ്ങാട് പൊലീസാണ് ജീന്‍ പോളിനെതിരെ കേസെടുത്തത്. നടന്‍ ശ്രീനാഥ് ഭാസി, സിനിമാ അണിയറപ്രവര്‍ത്തകരായ അനൂപ്, അനിരുദ്ധ് എന്നിവരെയും പ്രതി ചേര്‍ത്തിരുന്നു. ഹണിബീ2 സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും അശ്ലീലമായി സംസാരിച്ചെന്നുമാണ് എറണാകുളം സ്വദേശിനിയായ നടിയുടെ പരാതി. 2016 നവംബര്‍ 16ന് കൊച്ചിയിലെ ഒരു ഹോട്ടലില്‍ ചിത്രീകരണം നടക്കുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം.
നടി ആദ്യഘട്ടത്തില്‍ പരാതി നല്‍കിയപ്പോള്‍ ആദ്യം പറഞ്ഞ് 50,000 രൂപ പ്രതിഫലം നല്‍കാന്‍ തയാറായെന്നും എന്നാല്‍ ജീന്‍പോള്‍ ടിവിയില്‍ വന്ന് മാപ്പു പറയണമെന്നും 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് അവര്‍ ആവശ്യപ്പെടുന്നതെന്നും ലാല്‍ പറയുന്നു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *