മെഗാസ്റ്റാര്‍ മമ്മൂട്ടി ആരാധകര്‍ ആവേശത്തിന്റെ കൊടുമുടിയിലാണ്. ഹനീഫ് അദേനി എന്ന നവാഗത സംവിധായകന് സ്വപ്‌നം പോലൊരു അരങ്ങേറ്റമാണ് ഫാന്‍സ് നല്‍കിയത്. ഓഗസ്റ്റ് സിനിമാസ് നിര്‍മിച്ച് തിയറ്ററുകളിലെത്തിയ ഗ്രേറ്റ് ഫാദറിന് നൂറോളം ഫാന്‍സ് ഷോകളാണ് കേരളത്തില്‍ മാത്രം നടക്കുന്നത്. മിഡില്‍ ഈസ്റ്റിലും ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവ ഉള്‍പ്പടെയുള്ള മറ്റ് രാഷ്ട്രങ്ങളിലും ഫാന്‍സ് ഷോകള്‍ നടക്കുന്നു. ചിലയിടങ്ങളില്‍ ആനയുള്‍പ്പടെയുള്ള ആഘോഷ തിമിര്‍പ്പോടെയാണ് ആരാധകര്‍ തിയറ്ററിലെത്തിയത്. ആദ്യ ദിന കളക്ഷനില്‍ പുതിയ ചരിത്രം കുറിക്കാന്‍ ഗ്രേറ്റ്ഫാദറിനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.