മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്ര തിയറ്ററുകളില്‍ മികച്ച കളക്ഷനുമായി പ്രദര്‍ശനം തുടരുകയാണ്. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിയറ്റര്‍ ഇതര റൈറ്റ്സിന്റെ കൈമാറ്റത്തിലൂടെ തന്നെ ലാഭം നേടാനായിട്ടുണ്ടെന്നാണ് ടോളിവുഡിലെ ട്രേഡ് അനലിസ്റ്റുകളില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ആമസോണ്‍ പ്രൈം എട്ടു കോടി രൂപയ്ക്ക് ഡിജിറ്റല്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുകയാണ്. ഹിന്ദി ഡബ്ബിംഗ് റൈറ്റ്സും മികച്ച തുകയ്ക്കാണ് കൈമാറിയിട്ടുള്ളത്. രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ തിരിച്ചുവരവ് നടത്തുന്ന യാത്ര അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്. ഇതിനകം 20 കോടിക്കടുത്ത് കളക്ഷന്‍ ചിത്രം ആഗോള ബോക്സ് ഓഫിസില്‍ സ്വന്തമാക്കി കഴിഞ്ഞു.
70 എംഎം എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മിച്ച ചിത്രം 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിതമാണ് പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വൈഎസ്ആറിന്റെ മൂന്നു മാസം നീണ്ട പദയാത്രയാണ് ചിത്രത്തിന്റെ പ്രധാന ഫോക്കസ്. വൈഎസ് ആറിന്റെ ഭാര്യ വേഷത്തില്‍ പ്രമുഖ നര്‍ത്തകി ആശ്രിത വൈമുഗതി ആണ് എത്തുന്നത്. ബാഹുബലിയില്‍ അനുഷ്കയുടെ ദേവസൂര്യ എന്ന കഥാപാത്രത്തിന്റെ ചേട്ടത്തിയമ്മയായി ആശ്രിത എത്തിയിട്ടുണ്ട്. ഭൂമിക ചൗളയാണ് വൈഎസ്ആറിന്റെ മകളുടെ വേഷത്തില്‍ എത്തുന്നത്. വൈഎസ്ആറിന്റെ മന്ത്രിസഭയിലെ അംഗമായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയായി സുഹാസിനിയും ചിത്രത്തിലെത്തുന്നു.
Tags:mahi v raghavmammoottyYatra