ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നാളെ പുറത്തിറങ്ങുകയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമാകുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണന്റെയും ബിബിന്‍ ജോര്‍ജിന്റെയും തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം ഏപ്രില്‍ 26നാണ് തിയറ്ററുകളിലെത്തുക. വിഷ്ണുവും ബിബിനും ഫേസ്ബുക്ക് ലൈവിലെത്തിയാണ് ഈ വിവരം പങ്കുവെച്ചത്.
ദുല്‍ക്കര്‍ നായകനായ മലയാളസിനിമ റിലീസ് ചെയ്തിട്ട് 566 ദിവസങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും തങ്ങളും ദുല്‍ഖറിന്റെ മലയാളം ചിത്രത്തിനായി കാത്തിരിക്കുകയാണെന്നും ഇരുവരും പറഞ്ഞു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സോളോ റിലീസ് ചെയ്ത 2017 ഒക്‌റ്റോബര്‍ 7 ല്‍ നിന്നും 566 ദിവസങ്ങള്‍ കഴിഞ്ഞുള്ള ദിവസമാകും റിലീസ് എന്നാണ് ഇരുവരും വ്യക്തമാക്കിയിട്ടുള്ളത്. ഏപ്രില്‍ ആദ്യം റിലീസ് ചെയ്യാനിരുന്ന ചിത്രം ജൂണിലേക്ക് മാറ്റി വെച്ചുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബിസി നൗഫലാണ്. വിദേശത്തെ ഒരു ഗാന ചിത്രീകരണം കൂടി അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യം വെക്കുന്നുണ്ട്. മാര്‍ച്ചിലായിരിക്കും ഇതിന്റെ ഷൂട്ടിംഗ്. ലൂസിഫര്‍, മധുര രാജ തുടങ്ങിയ വന്‍ ചിത്രങ്ങളുടെ റിലീസ് കൂടി പരിഗണിച്ചാണ് യമണ്ടന്‍ പ്രേമകഥ നീട്ടിവെച്ചത്. വിഷ്ണു ഉണ്ണികൃഷ്ണന്റെയും ബിബിന്‍ ജോര്‍ജിന്റെയും ആദ്യ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്ത നാദിര്‍ഷയുടെ പുതിയ ചിത്രം ‘മേരാ നാം ഷാജി’യുടെ റിലീസും പരിഗണിച്ചുവെന്നാണ് വിവരം.
യമണ്ടന്‍ പ്രേമകഥയില്‍ ഒരു ലോക്കല്‍ പെയ്ന്ററുടെ വേഷമാണ് ദുല്‍ഖറിനുള്ളത്. കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, രമേഷ് പിഷാരടി, സലിം കുമാര്‍ തുടങ്ങിയവരുണ്ട്.
ടെലിവിഷനിലെ നിരവധി സൂപ്പര്‍ഹിറ്റ് പരിപാടികളുടെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് നൗഫല്‍. ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന് നാദിര്‍ഷ സംഗീതം നല്‍കുന്നു. പി സുകുമാര്‍ ക്യാമറ ചലിപ്പിക്കുന്നു.