എഎംഎംഎ എക്‌സിക്യൂട്ടിവ് നാടകം കളിക്കുന്നു, വിശ്വാസമില്ല- ഡബ്ല്യുസിസി
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപിന്റെ അംഗത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ താര സംഘടന എഎംഎംഎ നാടകം കളിക്കുന്നുവെന്ന് സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മ വുമണ്‍ ഇന്‍ സിനിമ കളക്റ്റിവ്. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എഎംഎംഎയ്ക്ക് കത്ത് നല്‍കിയ പദ്മപ്രിയ, രേവതി, പാര്‍വതി തുടങ്ങിയവര്‍ക്കൊപ്പം സംവിധായിക അഞ്ജലി മേനോന്‍, എഡിറ്റര്‍ ബീന പോള്‍, എഎംഎംഎഎയില്‍ നിന്ന് രാജിവെച്ച റിമ കല്ലിങ്കല്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തിന് എത്തിയിരുന്നു.
ചര്‍ച്ചയില്‍ തങ്ങളെ സംസാരിക്കാന്‍ പോലും അമ്മ എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ അനുവദിക്കുന്നുണ്ടായിരുന്നില്ലെന്നും ഒടുവില്‍ ആക്രമിക്കപ്പെട്ട നടിയുടെ ശബ്ദ സന്ദേശം കേള്‍പ്പിച്ച ശേഷമാണ് പറയാന്‍ അവസരം ലഭിച്ചതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത പാര്‍വതി, രേവതി, പദ്മപ്രിയ തുടങ്ങിയവര്‍ പറഞ്ഞു. ശബ്ദ സന്ദേശം കേട്ട എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാല്‍ താന്‍ വ്യക്തിപരമായി നടിക്കൊപ്പമാണെന്നും എന്നാല്‍ ജനറല്‍ ബോഡി തീരുമാനത്തിനൊപ്പം നില്‍ക്കാനേ പറ്റുകയുള്ളൂവെന്നും പറയുകയായിരുന്നു.
ഒരിക്കല്‍ പുറത്താക്കല്‍ പ്രഖ്യാപിച്ച കുറ്റാരോപിതനെ വീണ്ടും സംഘടനയില്‍ കൊണ്ടുവരാന്‍ നീക്കം നടത്തുകയും നടപടി മരവിപ്പിക്കുകയും ചെയ്ത സംഘടന ദുരനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി രാജിവെച്ച ആക്രമണത്തെ അതിജീവിച്ച നടിയുമായി സംസാരിക്കാന്‍ പോലും തയാറായിട്ടില്ല. ദിലീപ് അംഗമാണോ അല്ലയോ എന്നതിന് വ്യക്തമായ ഉത്തരമില്ല. തങ്ങള്‍ എഎംഎംഎക്ക് എതിരല്ലെന്നും നേതൃത്വത്തിന്റെ നീതികേടിന് എതിരേ അതിനകത്ത് പോരാട്ടം തുടരുമെന്നും അത് ഡബ്ല്യുസിസിയുടെ കൂടി തീരുമാനമാണെന്നും ഇവര്‍ വ്യക്തമാക്കി.
രേവതി പലപ്പോഴും വികാരപരമായാണ് കാര്യങ്ങള്‍ വിവരിച്ചത്. എഎംഎംഎ പ്രസിഡന്റ് മാധ്യമങ്ങളോട് സംസാരിക്കവേ പരാതി നല്‍കിയ പരിചിതരായ മൂന്നുപേരുടെ പേരുപോലും പറയാതെ നടികള്‍ എന്നാണ് തങ്ങളെ വിശേഷിപ്പിച്ചതെന്ന് രേവതി ചൂണ്ടിക്കാട്ടി. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പ്രൊഡക്ഷന്‍ സഹായിയില്‍ നിന്ന് ദുരനുഭവം നേരിട്ട ഒരു നടിയും ഇവര്‍ക്കൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തി. ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന് ഇക്കാര്യത്തില്‍ പരാതി കൊടുത്തിട്ട് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി.
ആക്രമണത്തെ അതിജീവിച്ച നടിയെ ചൂടുവെള്ളത്തില്‍ വീണ പൂച്ച എന്നാണ് എഎംഎംഎ എക്‌സിക്യൂട്ടിവ് അംഗം ബാബുരാജ് വിശേഷിപ്പിച്ചത്. ബോളിവുഡില്‍ പ്രഗത്ഭര്‍ വരെ കോടികള്‍ മുടക്കി ചെയ്യുന്ന സിനിമകളില്‍ നിന്ന് മീടു ക്യാംപെയ്‌നില്‍ തുറന്നുകാട്ടപ്പെട്ടവരെ മാറ്റിനിര്‍ത്തുമ്പോള്‍ ഇവിടെ ഫെഫ്ക പ്രസിഡന്റ് ദിലീപിനൊപ്പം സിനിമ ചെയ്യുകയാണ്- ഡബ്ല്യുസിസി ചൂണ്ടിക്കാട്ടി.