കമലഹാസന്റെ രാജ് കമല്‍ ഫിലിംസ് നിര്‍മിച്ച് ചിയാന്‍ വിക്രം നായകനായി എത്തുന്ന കടാരം കൊണ്ടാന്‍ ഉടന്‍ തിയറ്ററുകളിലെത്തുകയാണ്. ഏറെക്കാലമായി ഒരു വിക്രം ചിത്രം തിയറ്ററുകളിലെത്തിയിട്ട്. മേയ് 31നാണ് കടാരം കൊണ്ടാന്‍ തിയറ്ററുകളില്‍ എത്തുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ബോക്‌സ് ഓഫിസില്‍ മികച്ച ഒരു വിജയം നേടാന്‍ ഏറെക്കാലമായി പരിശ്രമിക്കുന്ന വിക്രം ഏറെ പ്രതീക്ഷയാണ് കടാരം കൊണ്ടാനില്‍ വെച്ചിരിക്കുന്നത്.
ചിത്രത്തില്‍ സ്റ്റൈലിഷ് ഗ്രേ ലുക്കിലാണ് താരമെത്തുന്നത്. ഇപ്പോള്‍ വിക്രമിന്റെ ലുക്ക് ഒരുക്കിയത് വ്യക്തമാക്കുന്ന വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തില്‍ അക്ഷര ഹാസനാണ് നായികയാകുന്നത്.
കമലഹാസന്‍ നായകനായ തൂങ്കാവനത്തിലൂടെ സംവിധായകനായി അരങ്ങേറിയ രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്. കമലഹാസന്റെ അസിസ്റ്റന്റായും രാജേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.നടന്‍ നാസറിന്റെ മകന്‍ അബി നാസര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ട്. രാജ് കമല്‍ ഫിലിംസിന്റെ 45-ാം ചിത്രമാണിത്.