ദളപതി വിജയ് നായകനാകുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിന്‍റെ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജനുവരി 13ന് മാസ്റ്ററിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ ഇറങ്ങും. ഹിന്ദി പതിപ്പ് ‘വിജയ് ദ മാസ്റ്റര്‍’ 14ന് ഇറങ്ങും. കൊറോണയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന തിയറ്ററുകള്‍ നിയന്ത്രണങ്ങളോടെ തുറന്നതിനു ശേഷം വരുന്ന രാജ്യത്തെ ഏറ്റവും വലിയ റിലീസാണ് മാസ്റ്റര്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. പൊങ്കല്‍ സീസണില്‍ തിയറ്ററില്‍ എത്തുന്ന ചിത്രത്തിന് മറ്റ് വലിയ ചിത്രങ്ങള്‍ ഇല്ലാത്തതിനാല്‍ 70 ശതമാനത്തിലേറേ തിയറ്ററുകള്‍ ലഭിക്കുമെന്നാണ് വിവരം. 50 ശതമാനം സീറ്റുകളിലാണ് ടിക്കറ്റ് നല്‍കാന്‍ അനുമതി. കേരളത്തില്‍ തിയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയാല്‍ റെക്കോഡ് റിലീസ് മാസ്റ്ററിന് ഈ സാഹചര്യത്തില്‍ ലഭിക്കും. മാസ്റ്റര്‍ കേരളത്തില്‍ തെക്കന്‍ ജില്ലകളില്‍ മാജിക് ഫ്രെയിംസും വടക്കന്‍ ജില്ലകളില്‍ ഐഎഎംപി ഫിലിംസും വിതരണത്തിന് എത്തിക്കുന്നു.
വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്നതും സവിശേഷതയാണ്. ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം കൊറോണ മൂലം വൈകുകയായിരുന്നു. മാളവിക മോഹന്‍ നായികയാകുന്ന ചിത്രത്തില്‍ ഒരു ആര്‍ട്‌സ്/സയന്‍സ് കോളെജിലെ പ്രൊഫസറായ ജോണ്‍ ദുരൈരാജ് അഥവാ ജെഡി ആയാണ് വിജയ് എത്തുന്നത്. സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഡീന്‍ കൂടിയാണ് ഈ കഥാപാത്രമെന്നാണ് സൂചന. ശന്തനു, ഗൗരി കിഷാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. സേവ്യര്‍ ബ്രിട്ടോ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് മാര്‍ച്ച് 15ന് നടന്നിരുന്നു. അനിരുദ്ധിന്‍റേതാണ് സംഗീതം. ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും വ്യക്തിയില്‍ നിന്നുമാണ് മാസ്റ്ററിന്റെ പ്രമേയം രൂപപ്പെട്ടത്.
Thalapathy Vijay starrer Master will have a big release on Jan 15. The Lokesh Kanagaraj directorial has Vijay Sathupathi as villain.