നടൻ വിജയ് സേതുപതിയെ നായകനാക്കി ദേശീയ അവാർഡ് നേടിയ സംവിധായകൻ മണികണ്ഠൻ ഒരുക്കുന്ന ചിത്രം ‘കടൈസി വ്യവസായി’ ഫെബ്രുവരി 11 ന് തിയേറ്ററുകളിലെത്തും. ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ ഞെട്ടിക്കുന്ന താരം ഇത്തവണയും പതിവുതെറ്റിക്കുന്നില്ല. കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് മണികണ്ഠൻ. ആണ്ടവൻ കട്ടളൈ എന്ന ചിത്രത്തിനു ശേഷം മണികണ്ഠനും വിജയ് സേതുപതിയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. വിജയ് സേതുപതിക്കൊപ്പം 85 കാരനായ നല്ലാണ്ടി എന്ന കർഷകൻ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രത്തിന്റെ പ്രിവ്യു ഷോക്കു തന്നെ ഗംഭീര അഭിപ്രായമാണ് ലഭിച്ചത്. വിജയ് സേതുപതിയുടെ കൂടുതൽ തമാശ രംഗങ്ങൾ ഉള്ള ചിത്രത്തിൽ ഓരോ കഥാപാത്രങ്ങളും ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത്.
വിജയ് സേതുപതിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ ഹൗസായ വിജയ് സേതുപതി പ്രൊഡക്ഷൻസ് അതിന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. യോഗി ബാബുവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജുംഗ, മാമനിതൻ തുടങ്ങിയ ചിത്രങ്ങളിൽ വിജയ് സേതുപതി അഭിനയിച്ചുകൊണ്ടിരിക്കെ, 2018ൽ ചിത്രീകരിച്ച ചിത്രമാണ് ഇത്.
എം മണികണ്ഠൻ രചനയും സംവിധാനവും നിർമ്മാണവും നിർവ്വഹിച്ചതാണ് കടൈസി വ്യവസായി, കർഷകരുടെ യഥാർത്ഥ ജീവിതവും അവർ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളുമൊക്കെ ഇന്നത്തെ സാമൂഹിക വ്യവസ്ഥയിലൂടെ സംവിധായകൻ പ്രേക്ഷകരിലേക്കെത്തിക്കുന്നു. എന്നും മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകൻ മണികണ്ഠന്റെ ഈ ചിത്രവും പ്രേക്ഷകന്റെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു കഥ പറയുമെന്നുറപ്പ്. സംഗീതം- സന്തോഷ് നാരായൺ, റിച്ചാർഡ് ഹാർവി, എഡിറ്റർ – ബി.അജിത്കുമാർ, ആർട്ട് ഡയറക്ടർ : തോട്ട ധരണി, സൗണ്ട് ഡിസൈൻ : അജയൻ അടാട്ട്, ലിറിക്‌സ് – അറിവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എം.ശിവകുമാർ, സൗണ്ട് മിക്സിങ് : എം ആർ രാജകൃഷ്ണൻ, വാർത്താ പ്രചരണം : പ്രതീഷ് ശേഖർ
Vijay Sethupathi starrer Kadaisi Vyavasaayi is releasing on Feb 11th. The M Manikandan directorial has Yogi Babu in a pivotal role.