സെല്വരാഘവന് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം എന്‍ജികെയുടെ അവസാന ഷെഡ്യൂള്‍ ഈ മാസം അവസാനം ചെന്നൈയില്‍ ആരംഭിക്കും. നേരത്തെ ദീപാവലി റിലീസായി എത്തുമെന്ന് കരുതിയിരുന്ന ചിത്രം പലകാരണങ്ങളാല്‍ നീണ്ടു പോകുകയായിരുന്നു. വിചാരിച്ചതു പോലെ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ ദീപാവലിക്ക് ചിത്രം തിയറ്ററുകളിലെത്തില്ലെന്ന് നേരത്തേ തന്നെ നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു.
സെല്‍വരാഘവന് ഇടയ്ക്ക് ആരോര്യ പ്രശ്‌നങ്ങളുണ്ടായതും ചികിത്സ തേടേണ്ടി വന്നതും ഇതിനിടെ കെവി ആനന്ദ് ചിത്രത്തിന് സൂര്യ നല്‍കിയ ഡേറ്റ്‌സുമായി ക്ലാഷ് ഉണ്ടായതും എന്‍ജികെ വൈകിച്ചു. കെ വി ആനന്ദ് സംവിധാനം സൂര്യ 37ന്റെ ലുക്കില്‍ നിന്നും മാറി താരം എത്തുന്നതിനായാണ് കാത്തുനില്‍ക്കുന്നതെന്ന് നേരത്തേ നിര്‍മാതാവ് എസ് ആര്‍ പ്രഭു വ്യക്തമാക്കിയിട്ടുണ്ട്. കെ വി ആനന്ദ് ചിത്രത്തിന്റെ കുംഭകോണത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ചെന്നൈയില്‍ തിരിച്ചെത്തിയ സൂര്യ എന്‍ജികെക്കായി താടി വളരുന്നതിനായി കാത്തിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ദീപാവലി ദിനത്തില്‍ ചിത്രത്തിന്റെ പുതിയ ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരുന്നു.