കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു ചിത്രം ഏറെ കൗതുകമുണര്‍ത്തുന്നതായിരുന്നു. കിരീടം വെച്ച് ആടയാഭരണങ്ങള്‍ അണിഞ്ഞ് പുരാണ വേഷത്തില്‍ നില്‍ക്കുന്ന ചിത്രം ക്ലിന്റ് എന്ന ചിത്രത്തിലേതായിരുന്നു. ഏഴു വയസിനിടെ തന്നെ ശ്രദ്ധേയമായ ഒട്ടേറെ ചിത്രങ്ങള്‍ വരയ്ക്കുകയും അകാലത്തില്‍ മരണമടയുകയും ചെയ്ത ക്ലിന്റിന്റെ ജീവിതകഥ അടിസ്ഥാനമാക്കി തയാറാക്കുന്ന ചിത്രത്തില്‍ ക്ലിന്റിന്റെ അച്ഛന്‍ വേഷമാണ് ഉണ്ണി മുകുന്ദന്. മകന് വരയ്ക്കാനായി രാവണന്റെ വേഷമണിഞ്ഞ് നില്‍ക്കുന്ന രംഗത്തിന്റെ ഫോട്ടോയാണ് താരം പങ്കുവെച്ചത്. എന്നാല്‍ എന്താണ് കാര്യമെന്ന് വായിക്കാന്‍ പോലും നില്‍ക്കാതെ പലരും നടത്തിയ കമന്റുകള്‍ തന്നെ വേദനിപ്പിച്ചെന്ന് താരം പറയുന്നു. വേഷത്തെ കളിയാക്കിക്കൊണ്ട് മിനി സ്‌കര്‍ട്ടാണോ, പൊക്കിള്‍ കാണുന്നു എന്നെല്ലാമാണ് ചിലര്‍ കമന്റ് ചെയ്തതെന്നാണ് താരത്തിന്റെ പരാതി. മറുപടിയുമായി ഫെയ്‌സ്ബുക്ക് ലൈവിലാണ് താരം പ്രതികരിച്ചത്.
”ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ എന്റെ ഭംഗിയെക്കുറിച്ചല്ല ഞാന്‍ ചിന്തിച്ചത്. പോസ്റ്റ് വായിച്ചിട്ട് ക്ലിന്റിനെക്കുറിച്ച് ചോദിച്ചിരുന്നുവെങ്കില്‍ സന്തോഷമായേനെ. ആ ചിത്രത്തിന് ഒരു ഇമോഷനുണ്ടായിരുന്നു. പക്ഷേ പലരും ഉണ്ണി മുകുന്ദന്റെ പൊക്കിള്‍ കാണുന്നു, ഉണ്ണി മുകുന്ദന്‍ സ്‌കര്‍ട്ട് ധരിച്ചു എന്നൊക്കെയാണ്
പറഞ്ഞത്. അതിലെ ഉളളടക്കം വായിക്കുക. ഇനി മലയാളത്തില്‍ പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കും. എല്ലാവര്‍ക്കുംം മനസ്സിലാക്കാന്‍ വേണ്ടിയാണ് ഇംഗ്‌ളീഷില്‍ പോസ്റ്റ് ചെയ്തത്,”. കഥാപാത്രങ്ങള്‍ക്ക് അനുസരിച്ചാണ് ശരീരം തയാറാക്കുന്നതെന്നും വര്‍ഷം മുഴുവന്‍ സിക്‌സ്പാക്ക് കൊണ്ടു നടക്കാനാകില്ലെന്നും താരം പറഞ്ഞു.
Tags:clintunni muknndan