ഉണ്ണി മുകുന്ദന് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രം ‘മേപ്പടിയാന്‍’ റിലീസിന് തയാറെടുക്കുകയാണ്. നവാഗതനായ വിഷ്ണു മോഹന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ഒരു പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. തടി കൂടിയ രീതിയിലുള്ള ഉണ്ണിയുടെ രൂപം തന്നെയാണ് ഇതില്‍ ഏവരും ശ്രദ്ധിച്ചത്. ഇതിനെ കുറിച്ച് പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ താരം പറയുന്നു.
” നിങ്ങൾ കാണിച്ച എല്ലാ പിന്തുണയ്ക്കും നന്ദി, സിനിമയും ഇതുപോലെ ആവേശം കൊള്ളിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞാനും മേപ്പടിയാന്‍ ടീമും കഠിനമായി പരിശ്രമിക്കുന്നു.
രണ്ടാമത്തെ പോസ്റ്ററിൽ വ്യക്തമാകുന്ന തടിച്ച ശരീരഘടന ഞാൻ സിനിമയിൽ ചെയ്യുന്ന കഥാപാത്രത്തിന് ഏറെ അനുയോ ജ്യമാണ്. ഇത് ശ്രദ്ധിക്കുകയും അഭിനന്ദിക്കുകയും ചെയ്തതിന് നന്ദി. ഇതത്ര എളുപ്പമുള്ളതായിരുന്നില്ല.
മാമാങ്കത്തിനായുള്ള പരിശീലനത്തിനിടെ ആണ് ഈ പ്രോജക്റ്റ് ഏറ്റെടുത്തത്. മാമാങ്കത്തില്‍ ഞാൻ ഒരു യോദ്ധാവായാണ് അഭിനയിച്ചത്. അതിന്‍റെ ചിത്രീകരണം പൂർത്തിയാകുമ്പോഴേക്കും ഞാൻ മികച്ച മസിലുകളുള്ള ശരീരത്തിലായിരുന്നു. എന്നാല്‍ ആ ലുക്കില്‍ മേപ്പടിയാനിലെ ജയകൃഷ്ണന്റെ വേഷം ചെയ്യാൻ സാധിക്കില്ലെന്ന് എന്റെ ടീമും മേപ്പടിയാന്‍ ഡയറക്ടറും എന്നെ അറിയിച്ചു. ഇത് എന്നെ സംബന്ധിച്ചിടത്തോളം നിരാശാജനകമായിരുന്നു, പക്ഷേ അതുപോലെ വെല്ലുവിളിയുമായിരുന്നു. ആരോഗ്യകരമായ ഒരു ജീവിതശൈലിയും നല്ല ശരീരവും ഉപേക്ഷിക്കുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം താല്‍പ്പര്യമുള്ളതായിരുന്നില്ല. എന്നാല്‍, കർക്കശമായ നിലപാട് കാരണം മികച്ച ഒരു കഥാപാത്രം നഷ്‌ടപ്പെടുത്തുന്നത് അതിലും മോശമാണ്. മേപ്പടിയാനും ജയകൃഷ്ണനും വേണ്ടി വ്യത്യസ്തമായ മനോഭാവവും ശരീരഭാഷയും ആവശ്യമാണെന്ന് എനിക്ക് ബോധ്യപ്പെട്ട നിമിഷം, വ്യത്യസ്തമായ ഒരു ജീവിതരീതിയിലേക്ക് ഞാൻ എന്നെത്തന്നെ മാറ്റി.
ഈ പ്രോജക്റ്റ് ചിത്രീകരിക്കുമ്പോൾ എനിക്ക് 93 കിലോ ആയിരുന്നു. ഇത് മികച്ച ഫാമിലി എന്റർടെയ്‌നർ ആയിരിക്കും എന്നും എന്‍റെ പരിശ്രമങ്ങള്‍ക്കെല്ലാം മികച്ച ഫലം നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. നിങ്ങളുടെ നിരന്തരമായ പിന്തുണയ്ക്കും ആശംസകൾക്കും ഒരുപാട് നന്ദി.മേപ്പടിയാന്‍ നിങ്ങളെ നിരാശപ്പെടുത്തില്ല. അതിലും പ്രധാനമായി, ഞാൻ തിരിച്ചെത്തും, എന്‍റെ മസിലുകളുമായി” ഉണ്ണി മുകുന്ദന്‍ കുറിച്ചു.
ശ്രീനിവാസന്‍, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, കലാഭവന്‍ ഷാജോണ്‍, ലെന, കുണ്ടറ ജോണി, അലെന്‍സിയര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. രാഹുല്‍ സുബ്രമണ്യമാണ് സംഗീതം ഒരുക്കുന്നത്. നീല്‍ ഡി കുന്‍ഹ ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. ചിത്രത്തിന്‍റെ സ്വാഭാവം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നേരത്തേ ഒരു മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.
Unni Mukundan’s next Meppadiyan gearing for release. Debutante Vishnu Mohan helming the movie. Unni describing his effort to gain weight for the character.