ഇക്കഴിഞ്ഞ ഡിസംബറിലാണ് വൈഡ് റിലീസുകളെ നിയന്ത്രിക്കുന്ന തരത്തില്‍ കേരളത്തിലെ തിയറ്റര്‍ അസോസിയേഷന്‍ ഒരു ധാരണയിലെത്തിയത്. ഇതു സംബന്ധിച്ച തീരുമാനങ്ങളുടെ രേഖ മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തു. ഇതനുസരിച്ച് വന്‍ ബജറ്റില്‍ തയാറാക്കുന്ന ചിത്രങ്ങള്‍ക്ക് ആദ്യ ആഴ്ചകളില്‍ റിലീസ് സെന്ററുകള്‍ അനുവദിക്കുന്നതില്‍ മാത്രമാണ് ഇളവുകളുള്ളത്. മികച്ച അഭിപ്രായം സ്വന്തമാക്കി പ്രേക്ഷകരെ സ്വന്തമാക്കാന്‍ ചെറുകിട ചിത്രങ്ങള്‍ക്ക് അവസരമൊരുക്കുന്നതിനും നല്ല രീതിയില്‍ പ്രദര്‍ശിപ്പിക്കവേ തന്നെ ലഭ്യമായ പരിമിത സ്‌ക്രീനുകളില്‍ നിന്ന് ചിത്രങ്ങള്‍ എടുത്തുമാറ്റുന്നത് ഒഴിവാക്കുന്നതിനും ഈ നീക്കം സഹായകരമാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ തിയറ്ററുകള്‍ ലഭ്യമാകുന്നതിലും സിനിമകള്‍ക്ക് അവസരം നല്‍കുന്നതിലും സിനിമയിലും ഉള്ളടക്കത്തിലും പ്രേക്ഷക താല്‍പ്പര്യത്തിലും ഉപരിയായ ചില കാര്യങ്ങള്‍ ശക്തമായി ഇപ്പോഴും നിലനില്‍ക്കുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്.
കണ്ട പ്രേക്ഷകരില്‍ ഭൂരിഭാഗവും ഹൃദയത്തോട് ചേര്‍ക്കുകയും മികച്ച അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്ത ചിത്രങ്ങളായിരുന്നു കുമ്പളങ്ങി നൈറ്റ്‌സും പേരന്‍പും. എന്നാല്‍ എറണാകുളം നഗരഹൃദയത്തിലെ പ്രധാന തിയറ്ററുകളില്‍ വന്‍ സൂപ്പര്‍ താര ചിത്രങ്ങള്‍ ഒന്നുമില്ലാതിരുന്നിട്ടും മികച്ച തിയറ്ററുകള്‍ ആദ്യ ഘട്ടത്തില്‍ ഈ ചിത്രങ്ങള്‍ക്ക് ലഭ്യമായിരുന്നില്ല. ഇടപ്പള്ളിയിലെ സിനിമാ കോംപ്ലക്‌സില്‍ ആദ്യ ദിന ഷോകള്‍ ഹൗസ് ഫുള്ളായി പ്രദര്‍ശിപ്പിച്ചതിനു ശേഷം മാത്രമാണ് പേരന്‍പിന് അടുത്ത ദിവസം മുതല്‍ എറണാകുളം കവിത തിയറ്ററില്‍ പ്രദര്‍ശനം ലഭിച്ചത്. ഈ രണ്ട് ചിത്രങ്ങളും റിലീസ് ചെയ്ത ഫെബ്രുവരി ഏഴിന് തന്നെ റിലീസ് ചെയ്ത ബിഗ് ബജറ്റ് ചിത്രമായിരുന്നു പ്രിഥ്വിരാജിന്റെ 9. ആ ചിത്രത്തിനു ലഭിച്ചതാകട്ടെ മലയാള സിനിമാ പ്രേക്ഷകര്‍ പൊതുവില്‍ താല്‍പ്പര്യം പ്രകടമാകാത്ത പാര്‍ക്കിംഗ് സൗകര്യം കുറഞ്ഞ എറണാകുളത്തെ തിയറ്ററും.
പ്രൊഡ്യൂസേര്‍സ് അസോസിയേഷന്റെ തീരുമാനം വന്ന മാസത്തില്‍ തന്നെയാണ് മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ റിലീസ് ചെയ്തത്. വന്‍ ചിത്രമെന്ന നിലയില്‍ നിയന്ത്രണങ്ങള്‍ ഒടിയന് ബാധകമല്ലെന്ന് സംഘടന ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ വൈഡ് റിലീസ് നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയായിരുന്ന തന്റെ കൊച്ചു ചിത്രം ജോസഫിന്റെ മുന്നോട്ടുപോക്കിനെ ബാധിച്ചുവെന്ന് സംവിധായകന്‍ എം പദ്മകുമാര്‍ പരസ്യമായി പ്രതികരിക്കുകയുണ്ടായി.
അന്യഭാഷാ ചിത്രങ്ങള്‍ 125 സ്‌ക്രീനുകളില്‍ ഒതുക്കണമെന്നാണ് അസോസിയേഷന്റെ തീരുമാനം. എന്നാല്‍ വന്‍ ബജറ്റും വന്‍ താരങ്ങളുമുള്ള മലയാള ചിത്രങ്ങള്‍ തിയറ്ററുകളിലുള്ളപ്പോള്‍ അല്ലെങ്കില്‍ ഇത് എത്രത്തോളം പാലിക്കപ്പെടുമെന്നത് സംശയകരമാണ്. മുമ്പ് അന്യഭാഷാ ചിത്രങ്ങളുടെ റിലീസ് നിയന്ത്രിക്കണമെന്നും അത് തന്റെ ചിത്രത്തെ ബാധിക്കുന്നുവെന്നും പത്ര സമ്മേളനം നടത്തി പറഞ്ഞ ഒരു നിര്‍മാതാവ് തന്നെ പിന്നീട് കേരളത്തിലെ ഏറ്റവും വലിയ റിലീസായി രജനികാന്ത് ചിത്രം കബാലി തിയറ്ററുകളിലെത്തിച്ചു. ഒരു സൂപ്പര്‍താര ചിത്രമുള്‍പ്പടെ വന്‍ വിജയമായി മുന്നേറുമ്പോഴായിരുന്നു നിരവധി തിയറ്ററുകളില്‍ കബാലി എത്തിയത്.
ഇപ്പോള്‍ 27 കോടി ബജറ്റില്‍ ഒരുക്കിയ മമ്മൂട്ടി ചിത്രം മധുരരാജയ്ക്കും നേരത്തേ പറഞ്ഞുറപ്പിച്ചിരുന്ന പല വലിയ സ്‌ക്രീനുകളും ലഭ്യമല്ലാത്ത സ്ഥിതിയുണ്ടത്രേ. പല പ്രമുഖ തിയറ്ററുകളും ചിത്രത്തിന് ലഭിക്കാതിരിക്കാന്‍ അസോസിയേഷനിലെ ചിലര്‍ ശ്രമിക്കുന്നതായും സിനിമാവൃത്തങ്ങളില്‍ നിന്ന് പരാതികളുയര്‍ന്നിട്ടുണ്ട്.