പേരന്‍പിന് ഗോവയില്‍ നിറഞ്ഞ കൈയടി, വീണ്ടും പ്രദര്‍ശിപ്പിക്കും

മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പിന്റെ ആദ്യ ഇന്ത്യന്‍ പ്രദര്‍ശനം ഇന്നലെ ഗോവയില്‍ പൂര്‍ത്തിയായപ്പോള്‍ സദസില്‍ നിന്ന് അനുമോദന പ്രവാഹം. റാം സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ ഭാഗമായാണ് പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന്റെ സ്‌ക്രീനിംഗിനു ശേഷവും പ്രതിനിധികള്‍ ഇരിപ്പടം വിട്ടെഴുന്നേറ്റില്ല. വേദിയിലുണ്ടായിരുന്ന സംവിധായകന്‍ റാം , നിര്‍മാതാവ് തേനി ഈശ്വര്‍, പ്രധാന വേഷം ചെയ്ത നടി സാധന എന്നിവരെ അഭിനന്ദിക്കാനും സംശയങ്ങള്‍ തീര്‍ക്കാനും ഒരു മണിക്കൂറോളം തിയറ്ററില്‍ തന്നെ തുടര്‍ന്നു. ചിത്രത്തിന് ലഭിച്ച വന്‍ സ്വീകാര്യതയും പലര്‍ക്കും ടിക്കറ്റ് ലഭിക്കാതിരുന്നതും കണക്കിലെടുത്ത് 27ന് ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കും.


അമുദന്‍ എന്ന ടാക്‌സി ഡ്രൈവറായി എത്തുന്ന മമ്മൂട്ടി തന്റെ കരിയറിലെ മികച്ച ഒരു പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ശാരീരിക വൈകല്യമുള്ള മകളെ അമ്മയുടെ സഹായമില്ലാതെ പരിപാലിക്കേണ്ടി വരുന്ന അമുദനായി മമ്മൂട്ടിയുടെ മാറ്റത്തെ അതേ വൈകാരികതയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. സാധന, അഞ്ജലി, അഞ്ജലി അമീര്‍ എന്നിവരുടെ പ്രകടനവും കൈയടി നേടി. യുവന്‍ ശങ്കര്‍ രാജയുടെതാണ് സംഗീതം. ഇന്ത്യന്‍ പ്രീമിയര്‍ പൂര്‍ത്തിയായതോടെ ചിത്രത്തിന്റെ തിയറ്റര്‍ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും. കേരളത്തില്‍ നിന്നും തമിഴകത്തു നിന്നുമുള്ള ചില ആരാധകരും പേരന്‍പ് ആദ്യ പ്രദര്‍ശനം കാണുന്നതിനായി ഗോവയില്‍ എത്തിയിരുന്നു.


തങ്കമീന്‍കള്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ റാം സംവിധാനം ചെയ്ത പേരന്‍പ് റോട്ടര്‍ഡാം ചലച്ചിത്രോല്‍സവത്തില്‍ മസ്റ്റ് വാച്ച് പട്ടികയില്‍ ഇടം നേടിയിരുന്നു. ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലും മികച്ച പ്രശംസ കരസ്ഥമാക്കിയ ചിത്രം ചൈനയില്‍ ഉള്‍പ്പടെ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

Previous : അജിതിന്റെ വിശ്വാസം- മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി
Next : നിത്യ കോളാമ്പിയില്‍ എത്തുന്നത് ബിനാലെ ആര്‍ട്ടിസ്റ്റായി

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *