കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സമൂഹത്തിലെ പലതുറകളില്‍ നിന്നും സഹായ ഹസ്തങ്ങള്‍ എത്തുകയാണ്. മോഹന്‍ലാല്‍ 25 ലക്ഷം രൂപ ഇന്ന് സര്‍ക്കാരിന് കൈമാറും. മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 25 ലക്ഷം രൂപ നല്‍കി. ഇതിനു പുറമേ 300ഓളം കുടുംബങ്ങള്‍ക്ക് വേണ്ട സഹായം ചെയ്യുമെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളിലെ താരങ്ങളും അകമഴിഞ്ഞ സഹായവുമായി രംഗത്തെത്തി. ബാഹുബലി താരം പ്രഭാസ് 1 കോടി രൂപയാണ് നല്‍കിയത്. സൂര്യ-കാര്‍ത്തി, കമലഹാസന്‍, അല്ലു അര്‍ജുന്‍ തുടങ്ങിയവര്‍ 25 ലക്ഷം വീതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. തമിഴിലെ നടികര്‍ സംഘവും സഹായം നല്‍കിയിട്ടുണ്ട്. ഇതിനിടെ മലയാളത്തിലെ അഭിനേതാക്കളുടെ സംഘടന എഎംഎംഎ നല്‍കിയ 10 ലക്ഷം രൂപ സംഭാവന കുറഞ്ഞെന്ന ആക്ഷേപവുമായി പലരും രംഗത്തുണ്ട്.
സഹായം അഭ്യര്‍ത്ഥിച്ച് അന്‍പൊടു കൊച്ചിയുടെ വിഡിയോ ഷെയര്‍ ചെയ്ത ടോവിനോ തോമസിന്റെ പേജിലും ഇത്തരമൊരു ആക്ഷേപവുമായി ഒരു പ്രേക്ഷകന്‍ എത്തി. വിമര്‍ശിക്കുന്നവര്‍ എന്തു ചെയ്തു എന്ന മറുചോദ്യമാണ് ടോവിനോ ഉന്നയിച്ചത്. ‘നിങ്ങളെപ്പോലുള്ള ആളുകള്‍ ഉള്ളതുകൊണ്ടാണ് ഒരാള്‍ മറ്റൊരാളെ സഹായിക്കുന്നത് വലിയൊരു സംഭവമായും കൊട്ടിഗ്‌ഘോഷിച്ചും ചെയ്യേണ്ടി വരുന്നത്. ഇത് എല്ലാ മനുഷ്യരും സ്വാഭാവികമായി ചെയ്യേണ്ട കാര്യമാണ്. സിനിമയില്‍ വരുന്നതിനു മുന്‍പും ശേഷവും ഞാന്‍ എന്നെക്കൊണ്ട് പറ്റുന്നത് ചെയ്യാറുണ്ട്. ഇനിയും ചെയ്യും. എല്ലാവരും മറ്റുള്ളവരെ കുറ്റം പറച്ചില്‍ നിര്‍ത്തി സ്വയം എന്ത് ചെയ്തു, എന്തൊക്കെ ചെയ്യാന്‍ പറ്റും എന്ന് ആലോചിക്കുകയും തീരുമാനിക്കുകയും ചെയ്താല്‍ ഈ ലോകം ഇതിനേക്കാള്‍ മനോഹരമായ സ്ഥലം ആയിരുന്നേനെ’ ‘ ടോവിനോ കൂട്ടിച്ചേര്‍ത്തു.
Tags:tovino thomas