മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ രണ്ടാം വാരാന്ത്യത്തിലും തിയറ്ററുകളില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. മമ്മൂട്ടി പുരോഹിത വേഷത്തില്‍ എത്തുന്ന ചിത്രം ഈ വെള്ളിയാഴ്ച മറ്റ് ഇന്ത്യന്‍ സെന്‍ററുകളിലും പ്രദര്‍ശനത്തിനെത്തി. മികച്ച വരവേല്‍പ്പാണ് മലയാളികള്‍ കൂടുതലായുള്ള ആര്‍ഒഐ സെന്‍ററുകളിലെല്ലാം ലഭിക്കുന്നത്. യുഎഇ-ജിസിസിയിലും ചിത്രം മികച്ച രീതിയില്‍ തുടരുന്നു. കേരളത്തില്‍ ഇപ്പോഴും 300ല്‍ അധികം സ്ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.
കേരള ബോക്സ് ഓഫിസില്‍ നിന്നു മാത്രം 10 ദിനങ്ങളില്‍ ചിത്രം 17 കോടിക്ക് മുകളില്‍ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. കോവിഡ് ഭീതിയൊഴിഞ്ഞ് വലിയൊരു വിഭാഗം പ്രേക്ഷകര്‍ ഇപ്പോഴും തിയറ്ററുകളില്‍ എത്തുന്നില്ലായെന്നതും 50 ശതമാനം ഒക്കുപ്പന്‍സി നിയന്ത്രണമുള്ളതും കണക്കിലെടുക്കുമ്പോള്‍ വളരേ മികച്ച നേട്ടമാണിത്. യുഎഇ- ജിസിസി രാഷ്ട്രങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷന്‍ ഏതാണ്ട് 10 കോടിയാണ്. മറ്റ് രാഷ്ട്രങ്ങളിലെയും മറ്റ് ഇന്ത്യന്‍ സെന്‍ററുകളിലെയും കളക്ഷന്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ചിത്രത്തിന്‍റെ ആഗോള കളക്ഷന്‍ 30 കോടിയില്‍ എത്തിയെന്നാണ് വിലയിരുത്തല്‍.
നവാഗതനായ ജോഫിന്‍ ചാക്കോയുടെ സംവിധാനത്തില്‍ ഒരുങ്ങിയ പ്രീസ്റ്റില്‍ മഞ്ജു വാര്യര്‍ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു എന്ന സവിശേഷതയും ഉണ്ട്. നിഖില വിമല്‍, സാനിയ ഇയപ്പന്‍, ബേബി മോണിക്ക, ജഗദീഷ്, രമേശ് പിഷാരടി,അമേയ മാത്യു, വെങ്കിടേഷ്, ടോണി ലൂക്ക് എന്നിവരടങ്ങുന്ന വന്‍ താരനിര ചിത്രത്തിലുണ്ട്. ആന്‍റോ ജോസഫ് നിര്‍മാതാവായ ചിത്രം റിലീസിന് മുമ്പ് തന്നെ വിവിധ ബിസിനസുകളിലൂടെ മുടക്ക് മുതല്‍ തിരിച്ചു പിടിച്ചിരുന്നു. ജോഫിന്റെ തന്നെ കഥയ്ക്ക് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത് ദീപു പ്രദീപും ശ്യാം മോഹനും ചേര്‍ന്ന്.
അഖില്‍ ജോര്‍ജ് ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍, വി എന്‍ ബാബു എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മിച്ചത്.
Mammootty starrer ‘The Priest’ crossed Rs 30 cr in worldwide collection. The Joffin Chacko directorial has Manju Warrier as the female lead.