സുഡാനി ഫ്രം നൈജീരിയയുടെ നിര്‍മാതാക്കളുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ന്നുവെന്നും വംശീയ വിവേചനമുണ്ടായെന്ന ആരോപണം തെറ്റിദ്ധാരണയില്‍ നിന്നുണ്ടായതാണെന്നും നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്‍. പ്രശ്‌ന പരിഹാരത്തിന്റെ ഭാഗമായി മാന്യമായ പ്രതിഫലം തനിക്ക് ലഭിച്ചുവെന്നും ഫേസ്ബുക്കിലൂടെ താരം വ്യക്തമാക്കി.
സുഡാനി നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സാമുവല്‍ ഉയര്‍ത്തിയ ചില ആരോപണങ്ങള്‍ വാര്‍ത്തയിലിടം നേടിയിരുന്നു. സക്കറിയ സംവിധാനം ചെയ്ത ചിത്രത്തില്‍ സൗബിന്‍ ഷാഹിറിനൊപ്പം പ്രധാന വേഷത്തില്‍ എത്തിയ സാമുവല്‍ തനിക്ക് ലഭിച്ച പ്രതിഫലം കേരളത്തില്‍ ഒരു പുതുമുഖത്തിന് ലഭിക്കുന്നതിനും താഴെയാണെന്നും ഇതില്‍ വംശീയ വിവേചനമുണ്ടെന്നുമാണ് ആരോപിച്ചത്. എന്നാല്‍ മിനിമം ബജറ്റില്‍ ഒരുക്കിയ ചിത്രമാണിതെന്നും ചിത്രത്തിന്റെ ലാഭവിഹിതം ലഭിക്കുമ്പോള്‍ കൂടുതല്‍ തുക നല്‍കുമെന്നുമായിരുന്നു ചിത്രത്തിന്റെ നിര്‍മാതാക്കളായ സമീര്‍താഹിറും ഷൈജു ഖാലിദും പറഞ്ഞത്.
ഒരു ലക്ഷം രൂപയായിരുന്നു ആദ്യം സാമുവലിന് നല്‍കിയിരുന്നത്. സിനിമ വലിയ വിജയം ഉറപ്പിച്ച സാഹചര്യത്തില്‍ മാന്യമായ തുക നല്‍കി സാമുവലിന്റെ പരാതി അണിയറക്കാര്‍ അവസാനിപ്പിക്കുകയായിരുന്നു.
Tags:sakhariasameer thahirSamuel robinsonShyju khalidsudani from nigeria