തന്റെ കൈയില്‍ ശസ്ത്രക്രിയ നടത്തിയതായി മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൈയില്‍ പ്ലാസ്റ്ററിട്ട് ഡോക്റ്റര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ ചെയ്താണ് ദുബായിയില്‍ വെച്ച് ശസ്ത്രക്രിയ കഴിഞ്ഞുവെന്നും ഡോക്റ്റര്‍ക്ക് നന്ദി പറയുവെന്നും താരം പറഞ്ഞിരുന്നു, എന്നാല്‍ എന്താണ് ശസ്ത്രക്രിയയ്ക്ക് കാരണമെന്നോ മറ്റ് വിശദാംശങ്ങളോ മോഹന്‍ലാല്‍ പറഞ്ഞിരുന്നില്ല. ഇപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്ന ഒരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍. സിദ്ധിഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ബിഗ് ബ്രദറില്‍ അനൂപും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
അനൂപ് മേനോന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ,
‘സംവിധായകന്‍ സിദ്ധിഖിന്റെ ‘ബിഗ് ബ്രദര്‍’ എന്ന സിനിമയുടെ അവസാന ദിവസത്തെ ഷൂട്ടിംഗ് നടക്കുന്നു … എനിക്ക് വൈകുന്നേരമേ ഷൂട്ട് ഉള്ളൂ…ഞാന്‍ സെറ്റില്‍ എത്തിയപ്പോള്‍ അവിടെ ലാലേട്ടന്‍ ഉണ്ട്… കഴിഞ്ഞ നാലു ദിവസമായി ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്തിട്ട് ഇരിക്ക്യാണ് അദ്ദേഹം….. ഞാന്‍ കൈ കൊടുത്തപ്പോള്‍ നല്ലോണം വേദനിച്ച പോലെ അദ്ദേഹം കൈ പിന്‍വലിച്ചു…’എന്തു പറ്റി’ എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത്, ഷൂട്ടിന്റെ ഇടവേളയില്‍ കുടുംബവും ഒന്നിച്ചു ദുബായിയിലേക്ക് ഒരു യാത്ര നടത്തിയിരുന്നു… അവിടെ വെച്ചൊന്നു വീണു…കൈക്ക് ഒരു നേരിയ ഒടിവ് ഉണ്ടത്രെ.
ഇതു വെച്ചിട്ടാണോ ഈ നാലു ദിവസവും ഫൈറ്റ് ചെയ്തത് എന്നു ചോദിച്ചപ്പോള്‍ കിട്ടിയ മറുപടിയാണ് ഈ പോസ്റ്റിന് കാരണം.
‘എന്നെ ഈ സിനിമയുടെ സംവിധായകനോ നിര്‍മ്മാതാവോ അല്ലല്ലോ അവിടെ വന്ന് വീഴ്ത്തിയത്…ഞാന്‍ തന്നെ പോയി വീണതല്ലേ? ഞാന്‍ ഇപ്പൊ ഈ വേദന പറഞ്ഞാല്‍, ഞാനായതു കൊണ്ട് ഒരു നാലഞ്ചു ദിവസം ചിലപ്പോ ഷൂട്ടിംഗ് മാറ്റി വെച്ചേക്കാം…നിര്‍മാതാവിന് എത്ര കാശായിരിക്കും പോവുന്നത്.. അതുപോലെ നീ ഉള്‍പ്പടെ എത്ര പേര്‍ വെറുതെ ഇരിക്കണം…നിങ്ങളേം ബുദ്ധിമുട്ടിക്ക്യല്ലേ അത് .. അപ്പൊ ഷൂട്ടിംഗ് നടക്കട്ടെ…കഴിഞ്ഞിട്ട് എന്തെങ്കിലും ചെയ്യാം…’
സിനിമാട്ടോഗ്രാഫര്‍ ജിത്തു ദാമോദറിനെ വിളിച്ചു ചോദിച്ചപ്പോള്‍ ‘ചേര്‍ത്തല ഗോഡൗണില്‍ കഴിഞ്ഞ നാല് ദിവസമായി നല്ല ഗംഭീര ഫൈറ്റ് ആയിരുന്നു അനൂപേട്ടാ’ എന്ന് മാത്രമാണ് പറഞ്ഞത്..അവരൊന്നും അറിഞ്ഞിട്ടില്ല ഈ പരിക്കിനെ പറ്റി..അറിയിച്ചിട്ടില്ല ലാലേട്ടന്‍…
ഇന്നലെ അദ്ദേഹത്തിന്റെ ഡോക്ടറുമൊത്തുള്ള ഒരു ഫോട്ടോ കണ്ടപ്പോ, കയ്യില്‍ ബാന്‍ഡേജ് ഉണ്ട്. ഓപ്പറേഷന്‍ കഴിഞ്ഞു എന്നു പറഞ്ഞു…അതായത്, അന്ന് സംഭവിച്ച കൈയുടെ പ്രശ്‌നം ഇന്നും തുടരുന്നുണ്ട്. ആരും അറിയാതെ.
പ്രിയപ്പെട്ട ലാലേട്ടാ…ഇടയ്‌ക്കെങ്കിലും ഒന്ന് മൂഡ് ഔട്ട് ഒക്കെ ആവണം…നിര്‍മ്മാതാവിനും, സംവിധായകനും മറ്റു സഹപ്രവര്‍ത്തകര്‍ക്കുമൊക്കെ, വല്ലപ്പോഴുമെങ്കിലും ഒരു ബുദ്ധിമുട്ടാവണം…ഇല്ലെങ്കില്‍, ഞങ്ങളുടെ തലമുറയ്ക്ക് ഈ പറയുന്നതിന്റെയൊക്കെ ഭാരം താങ്ങല്‍ ഒരു വലിയ ബാധ്യതയായിരിക്കും.’
Mohanlal compleated Sidhique directorial Big Brother with an injured hand, says his co actor Anoop Menon.