സിനിമാ നിര്‍മാണത്തിന് എന്ന പേരില്‍ പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതില്‍ സംവിധാകയന്‍ ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തു. പരസ്യ ചിത്ര സംവിധാനത്തിലൂടെ ശ്രദ്ധ നേടിയ ശ്രീകുമാര്‍ പിന്നീട് മോഹന്‍ലാല്‍ ചിത്രം ഒടിയനിലൂടെയാണ് ചലച്ചിത്ര സംവിധായകനാകുന്നത്. ശ്രീവത്സം ഗ്രൂപ്പില്‍ നിന്ന് എട്ട് കോടി രൂപ തട്ടിയെടുത്തു എന്ന ആലപ്പുഴ സ്വദേശിയുടെ പരാതിയിലാണ് നടപടി.
നേരത്തേ പരസ്യ ചിത്രങ്ങളുടെ പേരില്‍ ലഭിക്കാനുള്ള പണം നല്‍കിയിട്ടില്ലെന്ന് കാണിച്ച് ശ്രീകുമാര്‍ മേനോനെതിരേ നടി മഞ്ജു വാര്യരും കേസ് നല്‍കിയിരുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നല്‍കിയ തന്റെ ലെറ്റര്‍പാഡ് ദുരുപയോഗം ചെയ്യുമെന്ന് സംശയിക്കുന്നതായും നടി പറഞ്ഞിരുന്നു. എംടി വാസുദേവന്‍ നായര്‍ തിരക്കഥ ഒരുക്കിയ ‘രണ്ടാമൂ’ സംവിധാനം ചെയ്യുമെന്നും 1000 കോടി മുതല്‍മുടക്കിലാകും ചിത്രമെന്നുമുള്ള പ്രഖ്യാപനമാണ് ശ്രീകുമാര്‍ മേനോനെ വാര്‍ത്തകളില്‍ സജീവമാക്കിയത്. ഇതിന് മുന്നോടിയായിട്ടാണ് ഒടിയന്‍ സംവിധാനം ചെയ്തത്.
നാലു വര്‍ഷം കഴിഞ്ഞും രണ്ടാമൂഴം ആരംഭിക്കാനാകാത്തതിനാല്‍ തിരക്കഥ മടക്കി ആവശ്യപ്പെട്ട് എംടി കേസ് നല്‍കുകയും നിര്‍മാതാവ് ബിആര്‍ ഷെട്ടി പിന്‍മാറുകയും ചെയ്തിരുന്നു. തിരക്കഥ മടക്കിനല്‍കിയെങ്കിലും സമാനമായ ഒരു പ്രമേയത്തില്‍ ബ്രഹ്മാണ്ഡ ചിത്രമൊരുക്കുമെന്ന പ്രഖ്യാപനം ശ്രീകുമാര്‍ പലകുറി ആവര്‍ത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പല വ്യവസായികളുടെയും പ്രമുഖരുടെയും പേരുകള്‍ ഉയര്‍ന്നു വന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് മറ്റൊരു കേസിലേക്ക് എത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.
മുന്‍കൂര്‍ ജാമ്യം കോടതി തള്ളിയ സാഹചര്യത്തിലാണ് ഇന്നലെ രാത്രി പാലക്കാട്ടെ വസതിയില്‍ നിന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസ് എടുത്തിരിക്കുന്നത്.
Odiyan director Sreekumar Menon arrested for money laundering case.