ആരാധകരുടെ ദളപതി എന്നറിയപ്പെടുന്ന വിജയിനെ രാഷ്ട്രീയത്തിലേക്ക് എത്തിക്കാനുള്ള അച്ഛന്‍ എസ് എ ചന്ദ്രശേഖറിന്‍റെ ശ്രമം എത്തിച്ചേര്‍ന്നിരിക്കുന്നത് കുടുംബ കലഹത്തില്‍. തന്‍റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കാന്‍ അച്ഛന്‍ അപേക്ഷ നല്‍കിയതിന് എതിരേ വിജയ് ഇന്നലെ പരസ്യമായി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. തന്‍റെ പേരോ ചിത്രമോ ഉപയോഗിച്ചാല്‍ നിയമ നടപടി എടുക്കുമെന്നും വിജയിന്‍റെ വാര്‍ത്താക്കുറിപ്പില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇക്കാര്യത്തില്‍ പ്രതികരണവുമായി വിജയിന്‍റെ അമ്മയും ചന്ദ്രശേഖറിന്‍റെ ഭാര്യയുമായ ശോഭ ചന്ദ്രശേഖര്‍ രംഗത്തെത്തിരിക്കുകയാണ്.
ശോഭ ചന്ദ്രശേഖര്‍ ട്രഷറര്‍ ആണ് എന്ന് കാണിച്ചാണ് പാര്‍ട്ടി രജിസ്ട്രേഷന് അപേക്ഷ നല്‍കിയിട്ടുള്ളത്. അസോസിയേഷന്‍ രൂപീകരിക്കാനാണ് എന്ന് പറഞ്ഞാണ് തന്‍റെ ഒപ്പു വാങ്ങിച്ചത് എന്നും വിജയുടെ സമ്മതമോ അറിവോ ഇല്ലാതെ അങ്ങനെ ഒരു പാര്‍ട്ടിയുടെ ഒരു സ്ഥാനത്ത് വരാന്‍ തനിക്ക് താത്പര്യമില്ല എന്നുമാണ് ശോഭ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടി ആയി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കമറിഞ്ഞു, അതിന്റെ ഭാഗമാവാനുള്ള തന്റെ വിമുഖത ചന്ദ്രശേഖറിനോട് പറയുകയും അദ്ദേഹമത് ഉള്‍ക്കൊള്ളുകയും ചെയ്തുവെന്നും അവര്‍ പറയുന്നു.
വിജയിന്‍റെ എതിര്‍പ്പ് വകവെക്കാതെ രാഷ്ട്രീയത്തില്‍ അഭിപ്രായ പ്രകടനങ്ങളും സൂചനകളും നല്‍കി ചന്ദ്രശേഖര്‍ പ്രതികരിക്കുന്നതും വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു എന്ന പ്രതീതി സൃഷ്ടിച്ചതും ഇരുവര്‍ക്കുമിടയില്‍ ഭിന്നത സൃഷ്ടിച്ചുവെന്നാണ് ശോഭ പറയുന്നത്. അച്ഛന്‍ ചന്ദ്രശേഖറിന്‍റെ ചിത്രങ്ങളിലൂടെയാണ് വിജയ് സിനിമയില്‍ എത്തുന്നത്. 1993ല്‍ വിജയ് ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചത് താനാണെന്നും അതിലൂടെ നിരവധി യുവാക്കളെ സന്നദ്ധ സേവകരായി വളര്‍ത്തിയെടുത്തു എന്നുമാണ് ചന്ദ്രശേഖര്‍ പറയുന്നത്.
Shobha Chandrasekhar reacted on the split between his son Thalapathy Vijay and his father SA Chandrasekhar. Vijay is not supporting his fathers political ambitions.