Select your Top Menu from wp menus
New Updates

ഭാഷയുടെ അതിരുകള്‍ ഭേദിച്ച ശബ്ദമാന്ത്രികത…

ഭാഷയുടെ അതിരുകള്‍ ഭേദിച്ച ശബ്ദമാന്ത്രികത…

അരുണ്‍ രവീന്ദ്രന്‍

ആഴങ്ങളിൽ നിന്നുള്ള മുഴക്കം… ഇടമുറിയാതെയുള്ള ഒഴുക്ക്…എസ് പി ബാലസുബ്രഹ്മണ്യം എന്ന ഗായകനെ ഇങ്ങനെ മാത്രം നിർവ്വചിക്കുന്നത് ശരിയാണോ എന്നറിയില്ല. എന്തായാലും ഒരിക്കലും നിലയ്ക്കാത്ത ഊർജസ്രോതസ്സായിരുന്നു ആ വ്യക്തിത്വം. കണ്ണിനും കാതിനും ഇന്പം നൽകിയ പെർഫോമർ. സിനിമാപ്പാട്ടുകാർ ട്രിക്കുകൾ അറിയേണ്ട തച്ചൻമാരാണെങ്കിൽ അവിടെ മയനായിരുന്നു എസ് പി. ഓരോ പിന്നണി ഗായകനും സാധനയ്ക്കൊപ്പമോ അതിലേറെയോ കണിശമായി മീറ്റർ സൂക്ഷിച്ചു സ്വന്തം സ്ഥാനം പ്രിസൈസായി നിലനിർത്തേണ്ടി വരുന്ന ഒരു ഇൻഡസ്ട്രിയിൽ അക്കാര്യത്തിൽ അര നൂറ്റാണ്ടായി മുടിചൂടാമന്നനായി വിളങ്ങി നിന്നു അദ്ദേഹം.

സ്ക്രീനിലെ താരത്തിൻറെ ഗാനരംഗത്തെ ശബ്ദമാകുന്ന പിന്നണിഗായകൻ നടൻറെ ഭാവത്തിനും മാനറിസങ്ങൾക്കും യോജിച്ചു പോകും വിധത്തിൽ ആലപിക്കേണ്ടി വരുന്നു. അടിസ്ഥാനപരമായി എസ് പി ഒരു പെർഫോമറായിരുന്നതിനാൽ അവിടെ ഒരിക്കലും പിഴച്ചില്ല. ശബ്ദം കൊണ്ട് പ്രകടിപ്പിക്കാവുന്ന ഏതു ലെവലിലും അദ്ദേഹം ഉയർന്നും താണും പറന്നു. സംഗീതത്തിന്‍റെ സങ്കീർണതകൾ അറിയാത്ത സാധാരണക്കാരായിരുന്നു അദ്ദേഹത്തെ കൊണ്ടാടിയത്. അടിമുടി സിനിമാപ്പാട്ടുകാരനായ എസ് പിയുടെ ശങ്കരാഭരണത്തിലെ പ്രശസ്ത ഗാനത്തിലെ ചുമ തന്നെ ഏറ്റവും നല്ല ഉദാഹരണം.

ശബ്ദത്തിനു ഹാനികരം എന്ന പേരിൽ നമ്മുടെ ഗാനമേള കലാകാരൻമാരടക്കം ചായയും ഐസ്ക്രീമും വർജിക്കുമ്പോൾ എസ്‌ പി അത്തരം ചിട്ടകൾക്കൊന്നും വഴങ്ങാതെ കലാസപര്യ തുടർന്നു. സംഗീതസംവിധാനത്തിലും അഭിനയത്തിലും ഡബ്ബിംഗിലുമടക്കം കൈവെച്ച സമസ്ത മേഖലകളിലും പൊന്നു വിളയിച്ചു. റിക്കാർഡിംഗ് രംഗത്ത് റെക്കോഡുകൾ വിരിയിച്ച എസ്‌ പിയുടെ ഗാനങ്ങൾ ഗായകർക്കു ടെക്സ്റ്റ് ബുക്കാണ്. മദ്രാസികളോടുള്ള വിവേചനത്തിന് കുപ്രസിദ്ധി നേടിയ ബോളിവുഡിൽ സകലകലാവല്ലഭനു പോലും അടിതെറ്റിയിട്ടും ഒപ്പം ചെന്ന എസ് പി, നാലു പതിറ്റാണ്ട് സാന്നിദ്ധ്യം ഉറപ്പിച്ചു.

ഹിന്ദി ആസ്വാദകർക്ക് കിഷോർ കുമാറിനൊപ്പം പ്രിയങ്കരനായി തുടരാൻ ഇരുവരുടെയും ചില സമാന ശൈലികൾ കാരണമായി. ഇരുവരും ഔഡ്ലി ഗാനങ്ങൾ പാടാൻ വിദഗ്ധരാണ്. ഏതു റേഞ്ചിലും, ഫാൾസ് സൗണ്ടിൽ നിന്ന് ഹൈ പിച്ചും അവിടെ നിന്ന് ബ്ലേസ് ചെയ്തു നിൽക്കാനും അനായാസം കഴിയും ഇമോഷണൽ മേഖലകൾ ഇരുവരിലും ഭദ്രമാണ്. ടേപ്പ് റിക്കോർഡർ കാലത്ത് തമിഴ് പാട്ടുകളാണ് കേട്ടു തുടങ്ങിയതെങ്കിലും വ്യക്തിപരമായി എസ്‌ പിയുടെ ഹിന്ദിഗാനങ്ങളാണ് ഇഷ്ടം. കർണാടിക്കിൻറെ കോംപ്ലിക്കേഷനുകളേക്കാൾ മൂളാനെളുപ്പമാണെന്ന സൗകര്യവും ദൂരദർശൻ കാലത്തെ ഹിന്ദിഗാന പ്രേമവുമാണ് പ്രധാന കാരണങ്ങൾ. ഏക് ദുജേ കേലിയെ, സാഗർ, സനം തേരി കസം തുടങ്ങിയ ചിത്രങ്ങളിൽ കമൽ ഹാസനു വേണ്ടി എസ് പി വന്നത് ഗാനരംഗങ്ങളെ സ്വാഭാവികമായി കരുതാൻ ഉത്തരേന്ത്യൻ പ്രേക്ഷകരെപ്പോലെ ദക്ഷിണേന്ത്യപ്രേക്ഷകരെയും പ്രേരിപ്പിച്ചു. ഏക് ദൂജേ കേലിയേ ആണ് കമലിന്റെ താര ശരീരവും എസ് പിയുടെ ശാരീരവും ഏകാത്മകമായി എസ്റ്റാബ്ലിഷ് ചെയ്യാൻ സഹായിച്ചത്. കമൽ പ്രണയാർദ്രമായി പാടിയ “തേരേ മേരേ ബീച് മേം.. ” എന്ന ഗാനത്തേക്കാൾ സംഭാഷണപ്രധാനമായ “ഹം ബനേ.. തും ബനേ.. ഏക് ദൂജേ കേലിയേ” ഹിറ്റ് ഹിന്ദി സിനിമാപ്പേരുകൾ ഉപയോഗിച്ചുള്ള ” മേരേ ജീവനാ സാഥീ” എന്നീ ഗാനങ്ങളാണ് ( ഈ പാട്ടിൻറെ റിപ്ലിക്കയാണ് സി ഐഡി മൂസയിലെ മേ നേ പ്യാർ കിയാ എന്ന് തുടങ്ങുന്ന ഗാനം). എനിക്ക് ഇഷ്ടം ഈ രണ്ടു പാട്ടുകളാണ്. പിന്നീട് സൽമാൻ ഖാൻ താരപദവി കൈയടക്കിയ “മേ നേ പ്യാർ കിയാ”യിലെ ഇന്ത്യ മുഴുവൻ ഹിറ്റായ രാം ലക്ഷ്മൺ സംഗീതം നൽകിയ ഗാനങ്ങളോടെ എസ്‌ പി വീണ്ടും ബോളിവുഡിൽ തരംഗം തീർത്തു. ശരിക്കു പറഞ്ഞാൽ വലിയ ഭാവപ്രകടനമൊന്നും കാഴ്ച വെക്കാൻ മെനക്കെടാത്ത സൽമാന്‍റെ സീരിയസ് ലുക്കിന് മുഴക്കമുള്ള എസ് പിയുടെ ശബ്ദവും സ്വതസിദ്ധമായ ആലാപനവും വലിയ മൈലേജ് നൽകി. കബൂത്തർ ജാ ജാ, ദിൽ ദീവാന എന്നിങ്ങനെ വൻ ഹിറ്റ് ഗാനങ്ങൾ ഉണ്ടെങ്കിലും ഇവിടെയും എനിക്ക് ഇഷ്ടം എസ് പി സ്വതസിദ്ധമായി ചെറുഡയലോഗ് ഡെലിവറിയൊക്കെ ചെയ്ത ആജാ ശാം ഹോനേ ആയീ…ആണ്. അവിടന്നങ്ങോട്ട് സൽമാന്‍റെ ഗാനങ്ങൾ മിക്കവാറും എല്ലാം എസ് പിയുടെ ശബ്ദത്തിലായി.

തമിഴ്, തെലുങ്ക് പാട്ടുകൾ അടിച്ചു മാറ്റുന്ന ആനന്ദ് മിലിന്ദ് മ്യൂസിക് ചെയ്ത രേവതി ആദ്യമായി അഭിനയിച്ച ഹിന്ദി സിനിമ ലൗ, നഗ്മ അഭിനയിച്ച ഭാഗി, അമീർ ഖാനുമായി ഒരുമിച്ച അന്ദാസ് അപ്ന അപ്ന എന്നിവയിൽ സൽമാന്റെ ശബ്ദമായി. കുമാർ സാനുവിന് ബോളിവുഡിൽ ലൈഫ് കൊടുത്ത നദീം-ശ്രാവൺ സാജൻ ചെയ്തപ്പോഴും സൽമാനു വേണ്ടി മറ്റാരെയും ആശ്രയിച്ചില്ല. മാധുരി-സൽമാൻ ഖാൻ ജോടി ഹിറ്റായ ഹം ആപ് കേ ഹേ കോനിലും മുഴുവൻ ഗാനങ്ങൾ എസ് പി പാടി, ദീദി തേരാ തേവർ ദീവാനയടക്കം. ബോളിവുഡ് പ്രമുഖർക്കു പുറമെ ഡബ്ബിംഗ്സിനിമകളിലെയും ദക്ഷിണേന്ത്യൻ സംഗീതജ്ഞരുടെയും ചോയ്സ് എസ് പിയായിരുന്നു.

This is a small writing based on SP Balasubrahmanyam’s Hindi songs. A Tribute to .legendary singer.

Related posts