ധനുഷ് നായകനാകുന്ന വടചെന്നൈ മികച്ച അഭിപ്രായം സ്വന്തമാക്കി തിയറ്ററുകളില്‍ മുന്നേറുകയാണ്. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വയലന്‍സ് രംഗങ്ങള്‍ കണക്കിലെടുത്ത് എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. ആഗോള ബോക്‌സ് ഓഫിസില്‍ ഇപ്പോള്‍ 50 കോടി ക്ലബ്ബിലെത്തിയ ചിത്രത്തിലെ മൂന്ന് രംഗങ്ങള്‍ കൂടി ഒഴിവാക്കിയിരിക്കുകയാണ്.
കടലിനു നടുവിലെ ബോട്ടിനകത്ത് അമീറും ആന്‍ഡ്രിയയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കിടയിലെ ഒരു ഇന്റിമേറ്റ് രംഗമാണ് പ്രധാനമായും നീക്കം ചെയ്തത്. ബോട്ട് തങ്ങള്‍ പവിത്രമായി കരുതുന്നതാണെന്നും ഈ രംഗം ഒഴിവാക്കണമെന്നും മല്‍സ്യ തൊഴിലാളികളില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ആന്‍ഡ്രിയ ഉള്‍പ്പെട്ട മറ്റ് രണ്ട് രംഗങ്ങളും ഒഴിവാക്കി.
ബിഗ് ബജറ്റില്‍ ഒരുക്കിയ ചിത്രത്തില്‍ മുദ്രക്കനിയും പ്രധാന വേഷത്തിലുണ്ട്. ഒരു കാരംബോര്‍ഡ് കളിക്കാരനായിരുന്ന യുവാവ് ഗാംഗ്സ്റ്ററായി മാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മൂന്ന് ഭാഗങ്ങളായാണ് ചിത്രമെത്തുക. ആദ്യ ഭാഗമാണ് ഇപ്പോള്‍ തിയറ്ററുകളില്‍ ഉള്ളത്. ആന്‍ഡ്രിയയും ഐശ്വര്യ രാജേഷുമാണ് ചിത്രത്തില്‍ നായികമാരാകുന്നത്. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. സന്തോഷ് നാരായണന്‍ സംഗീതം നല്‍കിയിരിക്കുന്നു.