നെറ്റ് ഫ്ളിക്സ് ചിത്രത്തിനായി സന്തോഷ് ശിവനും എംടിയും ഒന്നിക്കുന്നു
എംടി വാസുദേവൻ നായർ തിരക്കഥ രചിക്കുന്ന ഒരു ചിത്രം നെറ്റ്ഫ്ളിക്സിനായി സംവിധാനം ചെയ്യുമെന്ന് വെളിപ്പെടുത്തി സന്തോഷ് ശിവന്‍. അടുത്തിടെ നടന്ന ക്ലബ്‌ഹൌസ് സംവാദത്തിലാണ് ഛായാഗ്രാഹകനും ചലച്ചിത്രകാരനുമായ സന്തോഷ് ശിവൻ ആവേശകരമായ ഈ വിവരം പങ്കുവെച്ചത്. ഇത് ഒരു സാധാരണ ചിത്രമല്ല, അമൂർത്തമായ ആശയമാണ്. മരണത്തിനായി കാത്തിരിക്കുന്ന ഒരാളെക്കുറിച്ചാണ് ചിത്രം. അതിനാല്‍ വെല്ലുവിളിയായാണ് ചിത്രം ഏറ്റെടുക്കുന്നതെന്നും സന്തോഷ് ശിവന്‍ പറഞ്ഞു. സിദ്ദിഖ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
എംടിയുടെ തിരക്കഥകളില്‍ ആന്തോളജി പോലുള്ള ഒരു പ്രോജക്റ്റ് നെറ്റ്ഫ്ലിക്സ് ആസൂത്രണം ചെയ്യുന്നുവെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രിയദർശനും ഇതിലെ ഒരു സെഗ്മെന്റ് സംവിധാനം ചെയ്യും. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടായേക്കും.
അതേസമയം, സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ‘ജാക്ക് ആൻഡ് ജിൽ’ റിലീസിന് തയാറെടുക്കുകയാണ്. മഞ്ജു വാരിയർ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴില്‍ സെന്‍റിമീറ്റര്‍ എന്ന പേരിലും ചിത്രം എത്തും. മലയാളത്തില്‍ സൗബിൻ ചെയ്യുന്ന വേഷം തമിഴില്‍ യോഗി ബാബു ചെയ്യും.
സൂപ്പർതാരം മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്’ല്‍ ഛായാഗ്രാഹകനായും സന്തോഷ് ശിവൻ പ്രവർത്തിക്കുന്നു.
Director/Cinematographer Santhosh Shivan will do a film for Netflix with MT Vasudevan Nair’s script. Sidhique will essay the lead role.