സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നൈജീരിയന്‍ താരമാണ് സാമുവല്‍ റോബിന്‍സണ്‍. കേരളത്തോടുള്ള ഇഷ്ടം എല്ലായ്‌പ്പോഴും പ്രകടമാക്കിയിട്ടുള്ള താരം ഇപ്പോള്‍ പര്‍പ്പിള്‍ എന്ന മലയാള ചിത്രത്തിലൂടെ വീണ്ടും മലയാളികള്‍ക്കിടയില്‍ എത്തുകയാണ്. അതിനിടെ മലയാളികളില്‍ നിന്നുണ്ടായ ഒരു വംശീയ അധിക്ഷേപത്തെ കുറിച്ച് വേദനയോടെ തന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കുകയാണ് സാമുവല്‍. ഒരു മൃഗത്തിനും ഉപദ്രവം വരുത്തിയില്ലെന്ന് എഴുതിക്കാണിച്ച് തുടങ്ങുന്ന ചിത്രം ഇക്കാര്യം വിട്ടുപോയെന്ന് പറഞ്ഞ് ചിത്രത്തിലെ രംഗത്തില്‍ പരുക്കേറ്റ് കിടക്കുന്ന സാമുവലിന്റെ ചിത്രം ചിലര്‍ ഒരു പേജില്‍ ട്രോളായി നല്‍കിയതാണ് താരത്തെ വിഷമിപ്പിച്ചത്.
താനിതുവരെ നേരിട്ടതില്‍ ഏറ്റവും പ്രകടമായ വംശീയ അധിക്ഷേപമാണ് ഇത്. ഒട്ടേറേ മലയാളി സുഹൃത്തുക്കള്‍ ഉണ്ട്. പക്ഷേ ഇത് നല്ല ഫലമല്ല മലയാളികള്‍ക്ക് ഉണ്ടാക്കുക. പരിണാമ കാലത്തിന്റെ ആരംഭത്തില്‍ നില്‍ക്കുന്ന ചിലരുടെ ചിന്തയാണിതെന്നും ഒട്ടേറേ പേര്‍ ഈ ട്രോള്‍ ടാഗ് ചെയ്ത് തന്നെ വിവരമറിയിച്ചെന്നും സാമുവല്‍ പറയുന്നു. മനുഷ്യനെ ജനിച്ച വംശത്തിന്റെ അവസ്ഥയുടെയും പേരില്‍ കളിയാക്കുന്നത് ഏറ്റവും ഹീനമാണെന്നും തമാശയല്ലെന്നും ചൂണ്ടിക്കാണിച്ച സാമുവല്‍ ഒരാളെ വിഷാദത്തിലാക്കാന്‍ വരെ ഇതിനാകുമെന്നും കൂട്ടിച്ചേര്‍ത്തു.