തന്റെ രക്തത്തിനായി ആരോ കൊതിക്കുന്നുവെന്ന് ആര്‍ എസ് വിമല്‍

ബി പി മൊയ്തീന്‍ സ്മാരക മന്ദിരത്തിന് ദിലീപ് സംഭാവന നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ സംവിധായകന്‍ ആര്‍ എസ് വിമല്‍ സംസാരിച്ചു എന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചിലര്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കിയിരുന്നു. ‘ എന്നു നിന്റെ മൊയ്തീന്‍’ എന്ന ചിത്രം ആദ്യം ദിലീപ് ചെയ്യാമെന്നേറ്റതായിരുന്നു എന്നും പിന്നീട് പുതുമുഖ സംവിധായകന്‍ എന്ന നിലയിലുള്ള അവിശ്വാസം കാരണം പിന്‍മാറിയെന്നുമായിരുന്നു വാര്‍ത്തയില്‍. ചിത്രം ഹിറ്റായതോടെയുള്ള പകയാണ് ദീലിപ് തീര്‍ത്തതെന്ന് വിമല്‍ പറഞ്ഞതായും വാര്‍ത്തകളിലുണ്ടായിരുന്നു. ‘ എന്നു നിന്റെ മൊയ്തീന്‍’ എന്ന ചിത്രം റിലീസ് ചെയ്തപ്പോള്‍ അതിലെ യഥാര്‍ത്ഥ ജീവിത നായിക കാഞ്ചനമാലക്കുണ്ടായ അഭിപ്രായ വ്യത്യാസങ്ങളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ പറഞ്ഞ ചില വാക്കുകളില്‍ നിന്നാണ് ഈ വാര്‍ത്ത ഇപ്പോള്‍ ചിലര്‍ ഉണ്ടാക്കിയെടുത്തത്. ഈ വ്യാജ വാര്‍ത്താ സൃഷ്ടിക്കു പുറകില്‍ തന്റെ രക്തം കൊതിക്കുന്ന ആരോ ആണെന്ന് പറയുകയാണ് ആര്‍ എസ് വിമല്‍.

വിമലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ‘ മലയാളി നെഞ്ചേറ്റിയ എന്നു നിന്റെ മൊയ്തീന്‍ എന്റെ ഒന്നര പതിറ്റാണ്ടു കാലത്തെ സ്വപ്ന സാക്ഷാത്കാരമായിരുന്നു. അതിനു വേണ്ടി ഞാനൊഴുക്കിയ കണ്ണീരിനും വിയര്‍പ്പാക്കിയ ചോരയ്ക്കും അളവില്ല!
കര്‍ണ്ണനും അതേപോലെ തന്നെയാണ്. മൊയ്തീനു ശേഷം ആര്‍. എസ്. വിമലില്ല എന്നു പറഞ്ഞവര്‍ പോലുമുണ്ട്. പക്ഷേ, ഒടുവില്‍ നമ്മുടെ സിനിമാ ഇതിഹാസമായി ചിയാന്‍ വിക്രമിനെ കേന്ദ്രമാക്കി ക്യാമറ ഉരുണ്ടു തുടങ്ങും വരെയും ഞാന്‍ ഒരു പാട് കണ്ണീരുണ്ടിട്ടുണ്ട്.
മഹാവീര്‍ കര്‍ണ്ണയുടെ ആദ്യ ഷെഡ്യൂളിനായി ഒന്നര മാസത്തോളം ഹൈദരാബാദിലായിരുന്നു. മടങ്ങി വന്നിട്ട് രണ്ടു നാളേ ആയിട്ടുള്ളു. ഇന്ന് കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിലുമാണ്. തികച്ചും സ്വകാര്യവും വീട്ടുകാര്‍ക്കു മാത്രമറിയാവുന്നതുമായ ഔദ്യോഗിക യാത്ര. എന്റെ അടുത്ത ചങ്ങാതിമാരെ പോലും കണ്ടിട്ട് കുറെയേറെ നാളായി. ഏതെങ്കിലുമൊരു മാധ്യമ പ്രവര്‍ത്തകനെ കണ്ടിട്ടാണെങ്കില്‍ മാസങ്ങളും.
അതിനിടെയാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ എന്റെ പേരിലുള്ള വ്യാജവാര്‍ത്തകള്‍ . ആരോ പടച്ചു വിട്ട ,ഒരേ അച്ചില്‍ വാര്‍ത്തവ.
ഒരു പാട് പേരുടെ ഇരയായിരുന്നു എക്കാലത്തും ഞാന്‍. നെയ്യാറ്റിന്‍കരയിലെ ഒരു വീട്ടില്‍ നിന്നും മാധ്യമ പ്രവര്‍ത്തനവുമായി വന്ന് ,സിനിമ സ്വപ്നം കണ്ട നാള്‍ മുതല്‍ നുള്ളിക്കളയാന്‍, ഞെക്കിക്കൊല്ലാന്‍ ശ്രമിച്ചവരാണ് ഏറെയും. അവനങ്ങനെ വളരണ്ട എന്ന് ആക്രോശിച്ചവര്‍ക്കു മുന്നില്‍ , എനിക്കായി കരുതി വെച്ച ഒരു അരി മണിയുണ്ടെങ്കില്‍ എന്നെങ്കിലും അതെന്നെ തേടി വരിക തന്നെ ചെയ്യുമെന്നു കരുതി കാത്തിരുന്നവനാണ് ഞാന്‍.
മലയാളത്തിലെ വലിയ നടന്മാരില്‍ ഒരാളായ ദിലീപിന്റെ ഒരു സിനിമ റിലീസാവാനിരിക്കെ, എന്റെ ചിത്രത്തിന്റെ ചിത്രീകരണം മൂന്നേറവെ ആരോ എനിക്കെതിരെ വീണ്ടും കരു നീക്കയാണ്.
എന്റെ രക്തം ആര്‍ക്കോ ആവശ്യമുണ്ട്.
പക്ഷേ,
എനിക്ക് ഇന്നാട്ടിലെ പ്രേഷകരെ, ജനങ്ങളെ വിശ്വാസമുണ്ട്.
‘ഒരു ലക്ഷം തവണ ആവര്‍ത്തിച്ചാലും നിങ്ങളുടെ നുണകള്‍ സത്യമാവില്ല’ എന്ന് അവര്‍ വിധി എഴുതുക തന്നെ ചെയ്യും.
സ്‌നേഹത്തോടെ
ആര്‍. എസ്. വിമല്‍’

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *