മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുഗ് എന്നീ ഭാഷകളിലും ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ ആര്‍ എസ് വിമല്‍. പഴയ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ ചരിത്രത്തില്‍ നിന്നുള്ള ഒരു വ്യക്തിത്വത്തെ ആധാരമാക്കി ഒരുക്കുന്ന ‘ധര്‍മരാജ്യ’ എന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നുള്ള ഒരു സൂപ്പര്‍താരം നായകനാകുമെന്നാണ് വിമല്‍ ഫെയ്‌സ്ബുക്കില്‍ ചിത്രം പ്രഖ്യാപിച്ചുകൊണ്ട് അറിയിച്ചിട്ടുള്ളത്. ‘തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമിക്ക് സമര്‍പ്പണം. തിരുവിതാംകൂര്‍ രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ ചരിത്രത്തില്‍ നിന്നും ഒരു നായക കഥാപാത്രം പുനര്‍ സൃഷ്ടിക്കപ്പെടുന്നു..മലയാളത്തിലെ പ്രിയപ്പെട്ട സൂപ്പര്‍ താരം ആ കഥാപാത്രമാകുന്നു. ധര്‍മരാജ്യ. VIRTUAL PRODUCTION- ന്റെ സഹായത്തോടെ ലണ്ടനില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ…. മലയാളം,ഹിന്ദി,തമിഴ്,തെലുഗു ഭാഷകളിലാണ് ചിത്രം നിര്‍മിക്കുക. ശ്രീ പത്മനാഭന് പ്രാര്‍ത്ഥനകളോടെ’ വിമല്‍ കുറിച്ചു.
‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തിലൂടെ സംവിധായകനായി വിജയകരമായി അരങ്ങേറ്റം കുറിച്ച് വിമല്‍ അടുത്തതായി പൃഥ്വിരാജിനെ തന്നെ നായകനാക്കി ‘കര്‍ണന്‍’ എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബജറ്റ് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ മൂലം ഈ പ്രൊജക്റ്റ് വര്‍ഷങ്ങളായിട്ടും യാഥാര്‍ത്ഥ്യമാകാതെ വരികയും നിര്‍മാതാവ് പിന്‍മാറുകയും ചെയ്തു. തുടര്‍ന്ന് വിക്രമിനെ നായകനാക്കി തമിഴും ഹിന്ദിയും കേന്ദ്രീകരിച്ച് ‘മഹാവീര്‍ കര്‍ണ’ എന്ന പേരില്‍ ഈ പ്രൊജക്റ്റ് പ്രഖ്യാപിക്കുകയും ചെയ്തു. ഏതാനും രംഗങ്ങളുടെ ചിത്രീകരണത്തിനു ശേഷം ദീര്‍ഘകാലമായി ഈ ചിത്രത്തിന് മുന്നോട്ടുപോകാനായിട്ടില്ല. പൂജ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.
Director RS Vimal announced a magnum opus ‘DharmaRajya’ based on old Travancore. A superstar from Malayalam will essay the lead role.