സിനിമാ ലൊക്കേഷനുകളുടെ കാവലാൾ വിടപറഞ്ഞിട്ട് ഒരാണ്ട്
പി.ശിവപ്രസാദ്
ലൊക്കേഷനുകളുടെ കാവലാൾ’, അതാണ് മാറനല്ലൂർ ദാസ്. അദ്ദേഹത്തിൻ്റെ വിയോഗത്തിന് ഒരു വർഷം തികയുകയാണ് ഇന്ന്. അഭിനയത്തോടുള്ള അടങ്ങാത്ത മോഹവുമായാണ് ദാസ് എന്ന ദാസേട്ടൻ ലൊക്കേഷനുകളിൽ എത്തിയിരുന്നത്. പിന്നീട് ചിത്രീകരണ സ്ഥലങ്ങളിലെ സന്ദർശകരെയും ആൾക്കൂട്ടത്തെയും നിയന്ത്രിക്കുന്ന ജോലി നിർവഹിക്കാനായിരുന്നു ദാസിന്റെ നിയോഗം.
മലയാളത്തിലെ ഒട്ടുമിക്ക സിനിമകളിലും ദാസിന്റെ സാന്നിധ്യം ഉണ്ടായിരുന്നു പ്രത്യേകിച്ച് സൂപ്പർ താര ചിത്രങ്ങളിൽ, ദാസിനോട് സ്നേഹമുള്ള ചില സംവിധായകർ അല്ലറ ചില്ലറ വേഷങ്ങളും അദ്ദേഹത്തിന് നൽകി സന്തോഷിപ്പിക്കുമായിരുന്നു. കേരളത്തിൽ ചിത്രീകരണത്തിനെത്തുന്ന അന്യഭാഷാ ചിത്രങ്ങൾക്കും ദാസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. മലയാള സിനിമയിലെ ഒരാളും ദാസിനെ മാറ്റി നിർത്തിയിരുന്നില്ല, എന്നും ചേർത്ത് നിർത്തിയിട്ടേ ഉണ്ടായിരുന്നുള്ളു. ഒരു സെക്യൂരിറ്റിക്കാരന്റെ ധാർഷ്ട്യങ്ങൾ ഒന്നും ഷൂട്ടിങ് കാണാൻ നിൽക്കുന്ന ആളുകളോടും അദ്ദേഹം കാണിച്ചിരുന്നില്ല അവരോടും വളരെ നയപരമായിട്ടേ അദ്ദേഹം പെരുമാറിയിരുന്നുള്ളു.
രാജ്യാന്തര ചലച്ചിത്ര മേള, മെഗാ സ്റ്റേജ് ഷോകൾ, താര വിവാഹങ്ങൾ, ഉദ്ഘാടന വേദികൾ തുടങ്ങി എല്ലായിടത്തും ദാസിന്റെയും സംഘത്തിന്റെയും കാവലുണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മഞ്ഞപ്പിത്തത്തിന് ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ വർഷം ജൂൺ 12ന് ദാസ് മരണപ്പെടുന്നത്.
മലയാള സിനിമയുടെ ചരിത്രമെഴുതുമ്പോൾ ചിലപ്പോൾ അദ്ദേഹം ഉണ്ടാകണമെന്നില്ല, പക്ഷേ ദാസ് ഇല്ലാത്ത ഷൂട്ടിംഗ് ലൊക്കേഷനുകൾ അപൂർണമായിരിക്കും. തീർച്ച…
Remembering film location security Maranallur Das on his first death anniversary.