സിനിമയിലെ സ്ത്രീവിരുദ്ധ സംഭാഷണത്തിന്റെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുള്ള തിരക്കഥാകൃത്താണ് രണ്‍ജി പണിക്കര്‍. ദി കിംഗ് എന്ന ചിത്രത്തില്‍ ഏറെ ഹിറ്റായി മാറിയ സംഭാഷണത്തിനൊടുവില്‍ ‘ ഒരാണിന്റെയും മുഖത്തിനു നേരേ നിന്റെ കൈയുയരില്ല, നീയൊരു വെറും പെണ്ണാണ്’ എന്ന് മമ്മൂട്ടി പറഞ്ഞത് പിന്നീട് ഏറെ വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിത്. താന്‍ ആ ഘട്ടത്തില്‍ അത്തരമൊരു സംഭാഷണം എഴുതിയത് കഥയും സന്ദര്‍ഭവും മാത്രം പരിഗണിച്ചാണെന്നും എന്നാല്‍ പിന്‍കാലത്ത് അത് സ്ത്രീവിരുദ്ധമാണെന്ന് വിലയിരുത്തപ്പെട്ടപ്പോള്‍ ഖേദം തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യം കൈയടിച്ചവര്‍ക്ക് തന്നെ പിന്നീട് ചില അവബോധങ്ങളുടെ ഭാഗമായി അത്തരം സംഭാഷണങ്ങള്‍ അനുചിതമായി തോന്നിയിട്ടുണ്ട്. ഒരു ജനക്കൂട്ടത്തില്‍ ഇരിക്കുന്ന ഒരു സ്ത്രീക്ക് താനെഴുതിയ ഒരു സംഭാഷണം ബുദ്ധിമുട്ടുണ്ടാക്കുന്നതായെങ്കില്‍ അത് തന്റെ പിഴവാണെന്ന് അംഗീകരിക്കുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.
അണ്ടനും അടകോടനും, ചെമ്മാനും ചെരുപ്പുകുത്തിയും തുടങ്ങിയ ചില പ്രയോഗങ്ങളൊക്കെ താന്‍ രചിച്ച സംഭാഷണങ്ങളില്‍ സാധാരണമായി കടന്നു വന്നിട്ടുണ്ട്. അത്തരം പ്രയോഗങ്ങള്‍ക്കു പിന്നിലെ ജാതി പശ്ചാത്തലവും അതിന്റെ അലോസരവും അന്ന് അതെഴുതുമ്പോല്‍ മനസിലുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് കൂടുതലായി അത്തരം കാര്യങ്ങളില്‍ വിലയിരുത്തലും ശ്രദ്ധയും അനിവാര്യമാക്കുന്ന കാലമാണ്. അത്തരം സംഭാഷണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് കണക്കാക്കുന്നത്.
രാഷ്ട്രീയ സാമൂഹ്യ ബോധമുള്ള ആളാണ് താനെന്നും ബോധപൂര്‍വം ഒരു കാലത്തും ജെന്‍ഡര്‍, ജാതി മുന്‍വിധികളോടെ ഒന്നും എഴുതിയിട്ടില്ലെന്നും അത്തരമൊരാളാണ് താന്‍ എന്ന വിമര്‍ശനം അംഗീകരിക്കില്ലെന്നും രണ്‍ജി പണിക്കര്‍ പറയുന്നു. കൃത്യമായ തയാറെടുപ്പില്ലാതെ കഥാപാത്രങ്ങളുടെയും സന്ദര്‍ഭങ്ങളുടെയും പശ്ചാത്തലത്തില്‍ തിരക്കഥ വികസിപ്പിക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ശ്രദ്ധയോടെ രചന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags:ranji panikkar