അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ ആസ്പദമാക്കി ചിത്രം ചെയ്യുന്നതായി മൂന്ന് സംവിധായകരാണ് ഇതിനകം വ്യക്തമാക്കിയിരുന്നത്. എ എല്‍ വിജയ്, പ്രിയദര്‍ശിനി, ഭാരതി രാജ എന്നിവരാണ് ജയലളിത ബയോപിക്കിനായി ശ്രമിക്കുന്നത്. ഇതില്‍ പ്രിയദര്‍ശിനിയുടെ സംവിധാനത്തില്‍ നിത്യാ മേനോന്‍ മുഖ്യ വേഷത്തിലെത്തുന്ന ദി അയേണ്‍ ലേഡി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വന്നിട്ടുണ്ട്. ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. ഇപ്പോഴിതാ മാസ്റ്റര്‍ സംവിധായകന്‍ ഗൗതം മേനോനും ജയലളിത ബയോപിക്കുമായി രംഗത്തെത്തുന്നു. 30 എപ്പിസോഡുകളുള്ള വെബ് സീരീസായി ചിത്രമൊരുക്കാനാണ് പദ്ധതി. രമ്യ കൃഷ്ണനായിരിക്കും ജയലളിതയുടെ വേഷത്തില്‍ എത്തുക.
നേരത്തേ ജയലളിതയുടെ വേഷം ചെയ്യുന്നതിനുള്ള താല്‍പ്പര്യം രമ്യ കൃഷ്ണന്‍ പ്രകടമാക്കിയിട്ടുണ്ട്. ഒരു വന്‍ പ്രൊഡക്ഷന്‍ ഹൗസാണ് വെബ്‌സീരീസിനു പിന്നില്‍. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ചിത്രീകരണം പൂര്‍ത്തിയായ രണ്ട് ചിത്രങ്ങളാണ് ഗൗതം മേനോനുള്ളത്. ‘എന്നൈ നോക്കി പായും തോട്ട’ എന്ന ധനുഷ് ചിത്രവും ‘ധ്രുവ നച്ചത്തിരം’ എന്ന വിക്രം ചിത്രവും പൂര്‍ത്തിയായിട്ടുണ്ട്. രണ്ട് വര്‍ഷത്തിലേറേയായി ഒരു ഗൗതം മേനോന്‍ ചിത്രം തിയറ്ററുകളില്‍ എത്തിയിട്ട്.