പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബഹറില്‍ ചെമ്പന്‍ വിനോദ് നായകനാകും. മലയാളികളുടെ ആദ്യകാല പ്രവാസജീവിതവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. കടല്‍ എന്ന് അര്‍ത്ഥം വരുന്ന അറബി വാക്കാണ് ബഹര്‍. പണ്ട് ലോഞ്ചിലും മറ്റും നിരവധി പേരേ ഗള്‍ഫിലേക്ക് കടത്തിവിട്ടിരുന്ന ഒരാളുടെ ജീവിത കഥയാണ് ചിത്രം. സിനിമയിലെ മിക്ക കഥാപാത്രങ്ങളും യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നവരില്‍ നിന്ന് സൃഷ്ടിച്ചതാണെന്ന് സംവിധായകന്‍ പറയുന്നു.
‘പണ്ട് കാലത്ത് മനുഷ്യക്കടത്തു നടത്തുന്നവര്‍, നിയമലംഘകര്‍ എന്നൊക്കെ നമ്മള്‍ മുദ്രകുത്തുന്നവരുടെ സംഭാവനകള്‍ വിസ്മരിക്കേണ്ടവയല്ല. സമൂഹത്തോട് നിഷേധാത്മകമായ നിലപാടുകള്‍ സ്വീകരിക്കുന്നവരായിരുന്നില്ല അവര്‍. വളരെ ക്രിയാത്മകമായിരുന്നു അവരുടെ സമീപനം. അത്തരമൊരവസ്ഥയില്‍ പലപ്പോഴും അവര്‍ക്ക് നിയമം പാലിക്കാന്‍ സാധിച്ചു എന്നു വരില്ല. സ്വന്തമായി ഉരു ഉണ്ടായിരുന്നയാളാണ് ബഹറിലെ നായകന്‍” പി ടി കുഞ്ഞു മുഹമ്മദ് പറഞ്ഞു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും മറ്റ് അഭിനേതാക്കളെയും ഉടന്‍ പ്രഖ്യാപിക്കും.