ബാഹുബലി ചിത്രങ്ങളിലൂടെ ഇന്ത്യയൊട്ടാകെ ബ്രഹ്മാണ്ഡ സംവിധായകനെന്ന് പുകഴ് കേട്ട എസ്എസ് രാജമൗലിയുടെ പുതിയ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിനായി പ്രിയാമണിയെ സമീപിച്ചെന്ന് റിപ്പോര്‍ട്ട്. കഥ കേട്ട പ്രിയാമണി ഉടന്‍ തീരുമാനമറിയിക്കുമെന്നാണ് സൂചന. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം വന്‍ ബജറ്റിലാണ് ഒരുക്കുന്നത്. റസ്‌ലിംഗ് രംഗങ്ങളെല്ലാം ഉള്‍പ്പെടുത്തിയ ഒരു സ്‌പോര്‍ട്‌സ് ചിത്രമാണിതെന്നാണ് സൂചന. ആര്‍ആര്‍ആര്‍ എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെടുന്ന ചിത്രം ഡിവിവി എന്റര്‍ടെയ്ന്‍മെന്റ്‌സാണ് നിര്‍മിക്കുന്നത്.
കീര്‍ത്തി സുരേഷ് ചിത്രത്തിലെ ഒരു നായിക വേഷത്തില്‍ എത്തുമെന്ന് സൂചനയുണ്ട്. ആര്‍ആര്‍ആര്‍ എന്ന ചുരുക്കെഴുത്തിനെ സാധൂകരിക്കുന്ന വിധത്തില്‍ രാമ രാവണ രാജ്യം എന്ന പേര് ചിത്രത്തിന് നിശ്ചയിച്ചേക്കുമെന്നും ടോളിവുഡ് മാധ്യമങ്ങള്‍ പറയുന്നു. ജൂനിയര്‍ എന്‍ടിആറിനും രാം ചരണിനും തുല്യ പ്രാധാന്യമാണ് ചിത്രത്തിലുള്ളത്. പ്രമുഖ ഫിറ്റ്‌നസ് ട്രെയ്‌നര്‍ ലോയ്ഡ് സ്റ്റീവന്‍സ് ചിത്രത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. 300 കോടി ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. നേരത്തേ ചിത്രത്തിന്റെ ഭാഗമായ ലുക്ക് ടെസ്റ്റുകള്‍ക്കുമെല്ലാമായി രാജമൗലിയുടെ മകന്‍ കാര്‍ത്തികേയനൊപ്പം രാംചരണും ജൂ. എന്‍ടിആറും ലോസ് ഏഞ്ചല്‍സ് സന്ദര്‍ശിച്ചിരുന്നു.