ജനം ടിവി ലേഖനത്തെ തള്ളിപ്പറഞ്ഞ് പ്രിയദര്‍ശനും
പൃഥ്വിരാജിനെതിരേയും ലക്ഷദ്വീപ് ജനതക്കെതിരേയും തരംതാണതും ഹീനമായതുമായ ഭാഷയില്‍ പ്രസിദ്ധീകരിച്ച ലേഖനം വ്യാപക എതിര്‍പ്പിനെ തുടര്‍ന്ന് ജനം ടിവി വെബ്‌സൈറ്റ് പിന്‍വലിച്ചു. ലേഖനത്തോട് വിയോജിച്ച് ചാനല്‍ ചെയര്‍മാന്‍ കൂടിയായ പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ പ്രതികരണം അറിയിക്കുകയും ചെയ്തു. ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ കിരാത നടപടികള്‍ വലിയ രീതിയില്‍ ചര്‍ച്ചയാക്കാന്‍ ഇടയാക്കിയ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സംഘപരിവാര്‍ ചാനലിന്റെ എഡിറ്ററുടെ മനോവൈകൃതം മറയില്ലാതെ പുറത്തുചാടാന്‍ ഇടയാക്കിയത്.
‘സമൂഹത്തില്‍ ജീവിക്കുന്ന ഓരോ മനുഷ്യനും ചുറ്റുപാടും നടക്കുന്ന എല്ലാ പ്രശ്നങ്ങളെക്കുറിച്ചും സ്വന്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടാവാം. ഒരു ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യം അത്തരം അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള സ്വാതന്ത്ര്യമാണ്. ലക്ഷദീപില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് നടന്‍ പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായവും നിലപാടുമാണ്. അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു, തീര്‍ച്ചയായും ആ അഭിപ്രായത്തോട് വിയോജിക്കുന്നവര്‍ ഉണ്ടാകാം, വിയോജിക്കുന്നതിനും നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ സഭ്യമല്ലാത്ത രീതിയില്‍ അതിനോട് പ്രതികരിക്കുക എന്നാല്‍ അത് ആരു ചെയ്താലും അതിനെ അംഗീകരിക്കാന്‍ വയ്യ. സഭ്യതാ എന്നത് ഒരു സംസ്‌കാരമാണ്, ഞാന്‍ ആ സംസ്‌കാരത്തോട് ഒപ്പമാണ്. പ്രിത്വിരാജിന് നേരെ ഉണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്‌കാരവും ജനാധിപത്യബോധവും ഉള്ള എല്ലാവരെയും പോലെ ഞാനും തള്ളിക്കളയുന്നു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്.’
എന്നാല്‍ ജനം ടിവി-യുടെ സീനിയര്‍ തലത്തിലുള്ള ലേഖകനെതിരേ ഏതെങ്കിലും തരത്തിലുള്ള നടപടിയോ ശാസനയോ ഉണ്ടാകില്ലെന്നാണ് വിവരം. മാത്രമല്ല കേരളത്തെ കൂടിക്കുന്ന ബാധിക്കുന്ന വിഷയത്തില്‍ പ്രതികരിച്ച പൃഥ്വിരാജിനെതിരേ സംഘപരിവാര്‍ അണികള്‍ സൈബര്‍ ഇടത്തെ ആക്രമണങ്ങളും അവഹേളനങ്ങളും ശക്തമായി തുടരുകയാണ്.
Janam TV Channel chairman director Priyadarshan reacted against the controversial article published in channels website against Prithviraj. Janan TV is the mouthpiece of RSS in Kerala.