ഓഗസ്റ്റ് സിനിമാസില്‍ നിന്നു പിന്‍മാറിയ പ്രിഥ്വിരാജ് സഹോദരന്‍ ഇന്ദ്രജിത്തിനൊപ്പം പുതിയ പ്രൊഡക്ഷന്‍ കമ്പനി രൂപീകരിക്കുമെന്ന് സൂചന. എന്നാല്‍ ഇത് ഉടനുണ്ടാകാനിടയില്ല. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് പ്രിഥ്വിരാജ് ആടുജീവിതത്തില്‍ അവതരിപ്പിക്കുന്നത്. ഇതിനും തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിനുമായുള്ള തയാറെടുപ്പിലാണ് പ്രിഥ്വി. ഇതിനിടയില്‍ പ്രൊഡക്ഷന്‍ ചുമതലകള്‍ നിര്‍വഹിക്കാനാകാത്തതിനാലാണ് പ്രിഥ്വിരാജ് ഓഗസ്റ്റ് സിനിമാസില്‍ നിന്നു പിന്‍മാറിയതെന്നാണ് ഓഗസ്റ്റ് സിനിമാസില്‍ പങ്കാളിയായ ഷാജി നടേശന്‍ പറയുന്നത്. പ്രിഥ്വിയുമായുള്ള സൗഹൃദത്തില്‍ പ്രശ്‌നമൊന്നുമില്ലെന്നും പ്രിഥ്വിരാജ് തിരിച്ചുവന്നാലും ഇല്ലെങ്കിലും കമ്പനിക്ക് ഒന്നും സംഭവിക്കില്ലെന്നും ഷാജി നടേശന്‍ കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് സിനിമാസില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പ്രിഥ്വിരാജ് ആവശ്യമായ എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ടെന്നും ഷാജി നടേശന്‍ പറഞ്ഞു.