തന്‍റെ അവസാന നാളുകളില്‍ പൃഥ്വിരാജിനായി മറ്റൊരു തിരക്കഥ ഒരുക്കാനുള്ള ശ്രമത്തിലായിരുന്നു അന്തരിച്ച സംവിധായകന്‍ സച്ചി. സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ജി. ആര്‍. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ അടിസ്ഥാനമാക്കി തിരക്കഥ ഒരുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ ആണ് സച്ചി ശസ്ത്ക്രിയക്കായി ആശുപത്രിയില്‍ എത്തുന്നതും തുടര്‍ന്ന് അപ്രതീക്ഷിതമായി മരണം സംഭവിക്കുന്നതും. വിലായത്ത് ബുദ്ധ യാഥാര്‍ത്ഥ്യമാക്കുമെന്ന് നേരത്തേ തന്നെ പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇപ്പോള്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ട് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
മറയൂരിലെ കാട്ടില്‍ ഒരു ഗുരുവും അയാളുടെ കൊള്ളക്കാരനായ ശിഷ്യനും തമ്മില്‍ ഒരു അപൂര്‍വമായ ചന്ദനത്തടിക്ക് വേണ്ടി നടത്തുന്ന പോരാട്ടമാണ് വിലായത്ത് ബുദ്ധയുടെ പ്രമേയം. ജി.ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ഉർവശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്തീപ് സേനൻ, അനീഷ് എം തോമസ് എന്നിവർ ചേർന്നാണ് നിര്‍മാണം. ജേക്‌സ് ബിജോയ് സംഗീതമൊരുക്കുന്നു. ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാ സംവിധാനം- മോഹൻദാസ്, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- എസ്. മുരുകൻ,മേക്കപ്പ്- റോണക്സ് സേവിയർ, കോസ്റ്റ്യൂം- സുജിത്ത് സുധാകരൻ, പി.ആർ.ഒ- പി. ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്, എ.എസ് ദിനേശ്, വാഴൂർ ജോസ്.
Prithviraj announced Vilaayath Budha in the memory of late Sachy. The movie directed by Jayan Nambiar is based on GR InduGopan’s Novel.