വി.കെ. സന്‍ജു
സന്‍ജു വി.കെ.
’96 ബാച്ച്
10 എ
എംടിഎച്ച്എസ് പത്തനംതിട്ട
പരിയേറും പെരുമാളിനു പിന്നാലെ 96 കാണുമ്പോള്‍ അതേ വര്‍ഷത്തെ എസ്എസ്എല്‍സി ബാച്ചിന്റെ സാദൃശ്യം കൂടി കടന്നുവന്നിട്ടും ഓര്‍ത്തിരിക്കാന്‍ പാകത്തില്‍ തീവ്ര പ്രണയത്തിന്റെ എമ്പതിയൊന്നുമുണ്ടായിരുന്നില്ല. എന്നെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടോ, തിരിച്ചു കിട്ടിയിട്ടുണ്ടോ എന്നൊന്നുമറിയാത്ത ചില പ്രണയ ചാപല്യങ്ങള്‍ മാത്രം. പക്ഷേ, സിനിമ കാണലില്‍ ഉടനീളം ചുണ്ടില്‍ വിടാതെ നിന്ന ചിരിയില്‍ ഒരു ഓര്‍മപ്പെടുത്തലുണ്ടായിരുന്നു, ഏതു പ്രായത്തിലും പ്രണയത്തിന്റെ ഭാഷയും സ്വഭാവവും ഒന്നു തന്നെയെന്ന ഓര്‍മപ്പെടുത്തല്‍.
പക്ഷേ, അതായിരുന്നില്ല പരിയേറും പെരുമാള്‍. അതില്‍ എവിടെയൊക്കെയോ ഞാനുമുണ്ടായിരുന്നു; നാട്ടിന്‍പുറത്തെ മലയാളം മീഡിയത്തില്‍നിന്ന് പട്ടണത്തിലെ ഇംഗ്ലീഷ് മീഡിയത്തിലേക്കു പറിച്ചു നടപ്പെട്ട കാലത്ത് നെഞ്ചില്‍ ആഞ്ഞു തറഞ്ഞൊരു ചോദ്യം പിന്നെയും വേദനിപ്പിക്കുന്നുണ്ടായിരുന്നു. Fill in the blanks എന്നതിലെ അവസാന വാക്ക് വായിക്കാനറിയാതെ നാവിറങ്ങി നിന്ന ഒരു പത്തു വയസുകാരന്റെ കാതില്‍ ആരോടെന്നറിയാതെ ആഴ്ന്നിറങ്ങിയ ഒരു ചോദ്യമായിരുന്നു അത്. ”മലയാളം മീഡിയത്തീന്നു വന്നതാ സാറേ…” എന്ന് ഏതോ സഹപാഠിയുടെ അവജ്ഞയില്‍ പൊതിഞ്ഞ സംരക്ഷണ ശ്രമം അവഗണിച്ച്, ”ഏതു മീഡിയമായാലും കോമണ്‍സെന്‍സ് വേണ്ടേ….” എന്ന പരിഹാസമാണ് അധ്യാപകനില്‍ നിന്നു കേട്ടത്. പറഞ്ഞത് എന്നോടു തന്നെയോ എന്ന് അപ്പോഴറിഞ്ഞില്ല, അതിനു മാത്രം തെറ്റെന്താണു ചെയ്തതെന്നും മനസിലായില്ല. കോമണ്‍സെന്‍സ് എന്ന വാക്കിന്റെ അര്‍ഥം പോലും മനസിലായിരുന്നില്ല, ഉറപ്പ്. പക്ഷേ, ആ വാക്കുകളുടെ ഉറവിടം പേരും ഇനിഷ്യലും സഹിതം പാന്റ്‌സും ഷര്‍ട്ടുമിട്ട് മനസിലുണ്ട് ഇന്നും, ബഹുമാനത്തിന് ഒരു കുറവുമില്ലാതെ.
പരിയേറും പെരുമാള്‍ കാണും മുന്‍പും എപ്പോഴൊക്കെയോ തികട്ടി വരാറുണ്ട് ആ രംഗം. പക്ഷേ, അതിന്റെ യഥാര്‍ഥ ആഴത്തിലേക്കൊക്കെ കൊണ്ടുപോകാന്‍ സാധിച്ചത് എത്രയോ വര്‍ഷങ്ങള്‍ക്കിപ്പുറം ഈ സിനിമയാണ്. ആ അധ്യാപകന്റെ വിഷയം സാമൂഹ്യ ശാസ്ത്രമായിരുന്നു എന്നതിലെ വിസ്മയാവഹാംവിധം വലിയ പൊരുത്തക്കേട് മനസിലാക്കിത്തരുന്നതും ഈ സിനിമയാണ്.
എങ്കിലും, Grouping of objects on the basis of their common properties is called classification എന്നങ്ങോട്ട് അറഞ്ഞു പഠിക്കാനുള്ള ഊര്‍ജം കിട്ടിയത് അന്നേറ്റ ആ മുറിവില്‍നിന്നു തന്നെയായിരിക്കണം. ആദ്യമായി കാണാതെ പഠിച്ച ഇംഗ്ലിഷ് ചോദ്യോത്തരം മേധാക്ഷയം വന്നാലും വിട്ടു പോകാത്ത പോലെ മനസില്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍ അതാണെന്നിക്ക് അവഗണനയുടെ രാഷ്ട്രീയത്തോടുള്ള പ്രതികാരം. അത് ക്ലാസിഫിക്കേഷന്‍, അഥവാ വര്‍ഗീകരണത്തിന്റെ നിര്‍വചനം തന്നെയായത് എത്ര മനോഹരമായ യാദൃച്ഛികത!
തമിഴ് എന്നല്ല, സിനിമ കാണലേ പതിവില്ല, മാസങ്ങളായി. അതിനിടയിലേക്ക് പരിയേറും പെരുമാളിലേക്കൊരു യാത്ര സാധ്യമാക്കിയത്, ഒരു എഫ്ബി പോസ്റ്റാണ്. ഇതൊക്കെ കാണുമ്പോഴാണ് മലയാളം സിനിമയൊക്കെ എടുത്തു കിണറ്റിലിടാന്‍ തോന്നുന്നത് എന്നൊരു പ്രകോപനപരമായ പോസ്റ്റ്. തമിഴ് നല്ലതാണെന്നു കരുതി മലയാളം മോശമാണെന്നു വരുമോ? സ്വാഭാവികമായും ആദ്യം തോന്നിയത് അതു തന്നെയാണ്. പക്ഷേ, സവര്‍ണ വേഷം മാത്രം ചെയ്യുന്ന ലാലേട്ടനെയാണ് എനിക്കിഷ്ടമെന്നു പറയുന്ന സൗബിന്‍ കഥാപാത്രത്തിനപ്പുറത്ത് അങ്ങനെയൊരു രാഷ്ട്രീയം പച്ചയ്ക്ക് സീരിയസായി സംസാരിക്കാന്‍ മലയാളം സിനിമയ്ക്ക് എവിടെ സാധിക്കുന്നു? അല്ലെങ്കില്‍, എത്ര കാലം മുന്‍പായിരിക്കും മുഖ്യധാരയില്‍ ഒരു മലയാളം സിനിമ അങ്ങനെ സംസാരിച്ചിട്ടുണ്ടാകുക!
നിറത്തിന്റെ രാഷ്ട്രീയമല്ല മലയാളം സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. എങ്കിലും അതിനു പകരമെന്നോണം ഇരുണ്ട നിറമുള്ളവരെ പരമാവധി പരിഹാസ്യരാക്കുന്നുണ്ട്. ഒരു ടാ തടിയാ ഒഴിച്ചു നിര്‍ത്തിയാല്‍, വണ്ണം കൂടുതലുള്ളവരെ ബോഡി ഷെയ്മിങ്ങിനു വിധേയരാക്കുന്നതാണു കണ്ടിട്ടുള്ളത്. കാലുമടക്കി അടിക്കാന്‍ പെണ്ണിനെ ചോദിച്ച നായകനാണ് ഇവിടെ കൈയടി വാങ്ങിയത്. വെറും പെണ്ണെന്ന വിശേഷണവുമായി ഒരു ചുംബനത്തില്‍ അവസാനിച്ച പെണ്‍കരുത്താണ് ഇവിടെ വാഴ്ത്തപ്പെട്ടത്. ശശിയെന്നും സോമനെന്നും വിളിച്ച് കളിയാക്കുന്ന നെയിം ഷെയിമിങ്ങിനെയാണ് നമ്മള്‍ നെഞ്ചേറ്റിയത്.
ആ പഴയ എംടിഎച്ച്എസ് കാലഘട്ടത്തിലെപ്പോഴോ ആണ് മലയാളം സിനിമയിലെ സവര്‍ണ ബിംബങ്ങളെക്കുറിച്ച് മാതൃഭൂമി പത്രത്തിന്റെ സണ്‍ഡേ സപ്ലിമെന്റില്‍ വന്ന ലേഖനം വായിച്ചത്. അന്നു വായിച്ചത് വര്‍ഷങ്ങള്‍ക്കു ശേഷമാണെങ്കിലും മനസിലാക്കാനായി. കാരണം, ഞാന്‍ സ്‌കൂള്‍ പ്രായം കടന്നു പോന്നിരുന്നു. പക്ഷേ, സിനിമ ഇപ്പോഴും അവിടത്തെന്നെ നില്‍ക്കുകയാണ്, ആചാരപരമായെന്നപോലെ കുറേയധികം ആളുകളും. ശരിയാണ്, കിണറ്റിലിടുക മാത്രമല്ല, ആ കിണര്‍ മണ്ണിട്ടു മൂടുക കൂടി വേണം….