തമിഴകത്ത് ഇത്തവണത്തെ പൊങ്കല്‍ തിയറ്ററുകളില്‍ ശരിക്കും ഉല്‍സവം തീര്‍ക്കുകയായിരുന്നു. പൊങ്കല്‍ റിലീസായി എത്തിയ രജനികാന്ത് ചിത്രം പേട്ടയും അജിത് ചിത്രം വിശ്വാസവും വന്‍ വിജയമാണ് നേടിയത്. വിശ്വാസം തമിഴ്‌നാട്ടിലെ മാത്രം കണക്കിലെടുത്താല്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമായാണ് മാറിയിട്ടുള്ളത്. അടുത്ത കാലത്തായി ഇത്രയധികം തിയറ്ററുകളില്‍ 50 ദിവസം പിന്നിടുന്ന തമിഴ് ചിത്രം ഉണ്ടായിട്ടില്ല എന്നതും വിശ്വാസത്തിന്റെ നേട്ടമാണ്.
സിവ സംവിധാനം ചെയ്്ത വിശ്വാസം ബി,സി റിലീസ് സെന്ററുകളിലെ പ്രകടനത്തിന്റെ ബലത്തില്‍ തമിഴകത്തു നിന്നുമാത്രം 100 കോടിക്കു മുകളില്‍ കളക്ഷന്‍ സ്വന്തമാക്കിയിട്ടുണ്ട്. 200 കോടിക്കു മുകളിലാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് നാളെ മുതല്‍ പുറത്തിറങ്ങുകയാണ്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ട ആഗോള തലത്തില്‍ 200 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കി. ഏറെക്കാലത്തിനു ശേഷം പൂര്‍ണമായും രജനിയുടെ താരപ്രഭാവത്തില്‍ കേന്ദ്രീകരിക്കുന്ന ചിത്രമായിരുന്നു പേട്ട. 50 ദിവസം പിന്നിട്ട് തമിഴകത്തെ പ്രധാന സെന്ററുകളില്‍ പേട്ടയും തുടരുകയാണ്.