തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ പേരരശ് 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദളപതി വിജയുമായി യോജിക്കുന്നതിന് സാധ്യത തെളിയുന്നു. സണ്‍ പിക്ചേര്‍സ് നിര്‍മിക്കുന്ന വിജയ് ചിത്രത്തിന്‍റെ സംവിധാനത്തിലേക്ക് പരിഗണിക്കുന്നവരില്‍ ഇപ്പോള്‍ മുന്‍പന്തിയിലുള്ളത് പേരരശ് ആണ്. സിരുത്തൈ സിവ ആണ് പരിഗണനയിലുള്ള മറ്റൊരു സംവിധായകന്‍. എന്നാല്‍ സണ്ണിനായി തന്നെ രജനീകാന്ത് ചിത്രം അണ്ണാത്തെയും സൂര്യ ചിത്രവും സിരുത്തൈ സിവ ഒരുക്കുന്നതിനാല്‍ പേരരശിനാണ് സാധ്യത കൂടുതല്‍. ദളപതി 65 എന്നറിയപ്പെടുന്ന ചിത്രത്തിനായി നേരത്തേ എ.ആര്‍ മുരുകദോസിനെ സംവിധാനയകനായി നിശ്ചയിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. തുപ്പാക്കി 2 ഒരുക്കാനായിരുന്നു മുരുകദോസിന്‍റെ പദ്ധതി. എന്നാല്‍ സണ്‍ പിക്ചേര്‍സുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് മുരുകദോസ് പിന്‍മാറുകയായിരുന്നു.
മുമ്പ് വിജയുമായി ചേര്‍ന്ന് തിരുപ്പാച്ചി, ശിവകാശി എന്നീ സൂപ്പര്‍ഹിറ്റുകള്‍ പേരരശ് ഒരുക്കിയിട്ടുണ്ട്. പേരരശ് തയാറാക്കിയിട്ടുള്ള തിരക്കഥയാണ് വിജയിന്‍റെ ഈ ഘട്ടത്തില്‍ ഏറെ അനുയോജ്യമാകുക എന്നാണ് സണ്‍ പിക്ചേര്‍സ് വ്യക്തമാക്കുന്നത്. പ്രതിഫലത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് മുരുകദോസിന്‍റെ പിന്‍മാറ്റത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Director Perarasu may join Vijay for Thalapathy 65 after the step out of AR Murugadoss. Sun Pictures bankrolling the movie.