ഒറ്റ ഗാനം കൊണ്ട് മറ്റു രാഷ്ട്രങ്ങളിലെ മാധ്യമങ്ങളില്‍ വരെ ഇടം പിടിച്ച ഒരു അഡാറ് ലവ് നാലുഭാഷകളില്‍ റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്ത് പുതുമുഖങ്ങള്‍ പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്ന ഈ ചെറിയ ചിത്രത്തിന് ആദ്യ ഗാനത്തിലൂടെയും ടീസറിലൂടെയും ലഭിച്ച സ്വീകാര്യത പ്രയോജനപ്പെടുത്തുന്നതിനാണ് അണിയറക്കാര്‍ ശ്രമിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി ചിത്രം എത്തുമെന്നാണ് പുതിയ വിവരം.
ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന ചിത്രം കൗമാര കാലത്തെ പ്രണയവും സൗഹൃദവുമാണ് പ്രമേയമാക്കുന്നത്. മാണിക്യമലരായ പൂവി. എന്നു തുടങ്ങുന്ന മാപ്പിളപ്പാട്ടാണ് ചിത്രത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തത്. പ്രിയ പ്രകാശ് വാര്യരും റോഷന്‍ അബ്ദുള്‍ റൗഫും ഈ പാട്ടിലൂടെ ആഗോള തലത്തില്‍ തന്നെ നെറ്റ് ലോകത്തെ താരമായിക്കഴിഞ്ഞു.